KSDLIVENEWS

Real news for everyone

കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണം ; കേന്ദ്രം തിരുത്തണമെന്ന്‌ മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: കർഷകരെ ശത്രുക്കളപ്പോലെ പരിഗണിക്കുന്ന സമീപനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കണം. കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കാൻ തയ്യാറായി കേന്ദ്ര സർക്കാർ സ്വയം തിരുത്തി മുൻപോട്ട് പോകണമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
കർഷക പോരാട്ടം രാജ്യത്തിന്റെയാകെയുള്ള പ്രതിഷേധ വേലിയേറ്റമായി മാറുകയാണ്. ഇന്ത്യ കണ്ട ഏറ്റവും പ്രക്ഷുബ്ധമായ ജനമുന്നേറ്റമായി അത് ഉയരുന്ന അനുഭവമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടാകുന്നത്. 90കളിൽ കോൺഗ്രസിന്റെ കൈപിടിച്ച് നിയോലിബറൽ നയങ്ങൾ രാജ്യത്ത് അരങ്ങേറിയത് മുതൽക്കുള്ള ചരിത്രം ഈ പോരാട്ടത്തിന്റെ പിന്നിലുണ്ട്. കടം കയറി ആത്മാഹുതി ചെയ്യേണ്ടി വന്ന മൂന്നര ലക്ഷത്തിലധികം കർഷകരുടെ കണ്ണീരിലും ചോരയിലും കുതിർന്ന ചരിത്രമാണത്. അവശേഷിച്ച പ്രതീക്ഷയും കവർന്നെടുത്തപ്പോളാണ് ഇന്നവർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. കാലങ്ങളായി രാജ്യം ഭരിച്ച, ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിച്ച, ബിജെപിയും കോൺഗ്രസും ഉൾപ്പെട്ട വലതുപക്ഷ പാർട്ടികളുടെ കോർപ്പറേറ്റ് ദാസ്യത്തിന്റെ ഇരകളാണ് കർഷകർ.
രാജ്യത്തിന്റെ നട്ടെല്ലായ കർഷക സമൂഹത്തിന്റെ ആശങ്കകളെ പരിഹരിക്കുന്നതിനു പകരം കേന്ദ്ര സർക്കാർ സമരത്തെ അടിച്ചമർത്തുന്ന കാഴ്ചയാണ് കാണുന്നത്. മർദ്ദനമുറകൾ ഉപയോഗിച്ചു കർഷകരെ നേരിടുകയാണ്. എന്തിനാണ് കർഷകരെ ഭയക്കുന്നത്? അവരുടെ ന്യായമായ ആവശ്യങ്ങൾ ചെവിക്കൊള്ളാത്തതെന്തുകൊണ്ടാണ്? ഈ ചോദ്യങ്ങൾ പൊതുസമൂഹം ഉറക്കെ ചോദിക്കുന്ന സാഹചര്യം സംജാതമായിരിക്കുന്നു.
ഇനിയെങ്കിലും കർഷകരെ ശത്രുക്കളെപ്പോലെ പരിഗണിക്കുന്ന സമീപനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണം. അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് സമരം ഒത്തു തീർപ്പാക്കണം. ക്രിയാത്മകവും ആത്മാർത്ഥവുമായ കൂടിയാലോചനയ്ക്കു കേന്ദ്ര സർക്കാർ തയാറാകണം. കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണം. അവരുടെ ആശങ്കകൾ പരിഹരിച്ചു കൊണ്ട് കർഷകർക്കനുകൂലമായ നയങ്ങളുമായി മുൻപോട്ടു പോകണം. കർഷകരുടെ സുരക്ഷിതമായ ജീവിതം ഈ നാടിന്റെ ശോഭനമായ ഭാവിയ്ക്ക് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ് കേന്ദ്ര സർക്കാർ സ്വയം തിരുത്തി മുൻപോട്ട് പോകാൻ തയ്യാറാകണം.
കർഷക പോരാട്ടം രാജ്യത്തിന്റെയാകെയുള്ള പ്രതിഷേധ വേലിയേറ്റമായി മാറുകയാണ്. ഇന്ത്യ കണ്ട ഏറ്റവും പ്രക്ഷുബ്ധമായ ജനമുന്നേറ്റമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!