ഇടതുപക്ഷം ; ത്രിതലത്തിലും കോർപ്പറേഷനിലും എൽ.ഡി.എഫിന് തിളക്കമാർന്ന ജയം

തിരുവനന്തപുരം:വിവാദങ്ങളുടെയും ആരോപണങ്ങളുടെയും കൊടുങ്കാറ്റിനെ അതിജീവിച്ച് തദ്ദേശതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ മിന്നുന്ന പ്രകടനം. യു.ഡി.എഫിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ പലയിടത്തും ചരിത്രത്തിലാദ്യമായി വിള്ളൽവീഴ്ത്തിയാണ് ഈ മുന്നേറ്റം.
സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ തിരഞ്ഞെടുപ്പിന്റെ ഫലം മൂന്നുമാസത്തിനപ്പുറം നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് കേരളം ഉറ്റുനോക്കുന്നത്.
എൽ.ഡി.എഫ്. തുടരണമെന്ന ദൃഢനിശ്ചയത്തിന്റെ വിജയമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പ്രതീക്ഷകൾ അസ്ഥാനത്തായ യു.ഡി.എഫിന് മുനിസിപ്പാലിറ്റികളിൽ മാത്രമാണ് മേൽക്കൈ നേടാനായത്. ത്രിതലപഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും എൽ.ഡി.എഫ്. ആധികാരികജയം നേടി. നില മെച്ചപ്പെടുത്തിയെങ്കിലും ബി.ജെ.പി.ക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. 2015-ൽ ഒരു മുനിസിപ്പാലിറ്റിമാത്രം കിട്ടിയ ബി.ജെ.പി.ക്ക് ഇത്തവണ രണ്ടെണ്ണം കിട്ടി; പാലക്കാടിനുപുറമേ പന്തളവും. അവർക്ക് ഭൂരിപക്ഷമുള്ള ഗ്രാമപ്പഞ്ചായത്തുകളുടെ എണ്ണം 12-ൽനിന്ന് 23 ആയി.
ഗ്രാമപ്പഞ്ചായത്തിൽ ‘ട്വന്റി ട്വന്റി’ എന്ന രാഷ്ട്രീയേതര മുന്നണി കിഴക്കമ്പലത്തിനുപുറമേ സമീപത്തെ ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളിൽക്കൂടി ആധിപത്യം നേടി.
സ്വതന്ത്രമുന്നണികൾക്ക് മേൽക്കൈയുള്ളതും ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതുമായ 25-ഓളം പഞ്ചായത്തുകളുണ്ട്
രാഷ്ട്രീയമാറ്റങ്ങൾ തുണച്ചു
അടുത്തിടെയുണ്ടായ രാഷ്ട്രീയമാറ്റങ്ങൾ എൽ.ഡി.എഫിന് ഗുണകരമായി. ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിന്റെയും ലോക് താന്ത്രിക് ജനതാദളിന്റെയും എൽ.ഡി.എഫിലേക്കുള്ള വരവ് യു.ഡി.എഫ്. ശക്തികേന്ദ്രങ്ങളായ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മികച്ച മുന്നേറ്റംനടത്താൻ എൽ.ഡി.എഫിനെ സഹായിച്ചു.
ഉമ്മൻചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി പഞ്ചായത്തിൽ മുപ്പതുവർഷത്തിനുശേഷം എൽ.ഡി.എഫിന് ഭൂരിപക്ഷം നേടാനായി. പാലാ നഗരസഭയിൽ ചരിത്രത്തിലാദ്യമായി എൽ.ഡി.എഫ്. അധികാരത്തിലെത്തി. പല പ്രമുഖ യു.ഡി.എഫ്. നേതാക്കളുടെയും തട്ടകങ്ങളിലെ സ്ഥിതിയും ഇതുതന്നെ. വെൽഫയർ പാർട്ടിയുമായുണ്ടാക്കിയ ചങ്ങാത്തം യു.ഡി.എഫിന് കാര്യമായി ഗുണംചെയ്തില്ലെന്നാണ് വിലയിരുത്തൽ.
സ്വർണക്കടത്തുകേസിൽ ആരോപണവിധേയനായപ്പോൾ ഇടതുപക്ഷം പിന്തുണ പിൻവലിച്ച കാരാട്ട് ഫൈസൽ കൊടുവള്ളി നഗരസഭയിലെ 15-ാം ഡിവിഷനിൽ ജയിച്ചു. ഇടതുസ്വതന്ത്രൻ ഒ.പി. അബ്ദുൾ റഷീദിന് ഒരു വോട്ടുപോലും അവിടെ കിട്ടിയില്ല.

