കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്തിയതില്‍ നിര്‍ണായക പങ്ക് മോദിക്ക്; തുറന്ന് പറഞ്ഞ് ബിജെപി നേതാവ്

ഭോപ്പാൽ : മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെ വീഴ്ത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗ്ഗിയ. ഇൻഡോറിൽ പൊതുപരിപാടിക്കിടെ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
“ഇത് നിങ്ങൾ ആരോടും പറയരുത്. ഇത് ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഒരു സറ്റേജിൽ പൊതുജന മധ്യത്തിൽ ഞാനാദ്യമായാണ് ഇക്കാര്യം പറയുന്നത്. കമൽനാഥ് സർക്കാരിനെ വീഴ്ത്താനായി ആരെങ്കിലും കളിച്ചിട്ടുണ്ടെങ്കിൽ അത് നരേന്ദ്രമോദി മാത്രമാണ് അതല്ലാതെ ധർമ്മേന്ദ്ര പ്രധാൻ അല്ല”, വിജയവർഗ്ഗിയ പറഞ്ഞു.
ബിജെപിയുടെ കേന്ദ്രനേതാക്കളാണ് കോൺഗ്രസ്സ് സർക്കാരിനെ താഴെ ഇറക്കുന്നതിന് കരുക്കൾ നീക്കിയതെന്ന് ജൂണിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ 22 എംഎൽഎമാരെയും കൂട്ടി ബിജെപി പാളയത്തിലേക്ക് പോയതിന്റെ പശ്ചാത്തലത്തിലായിരുന്നു അത്.
കോൺഗ്രസ് ഉന്നയിച്ച ആരോപണം ശരിവെക്കുന്നതിന് സമമായി വിജയവാർഗിയയുടെ പരാമർശം.. കോൺഗ്രസ്സിന്റെ ആരോപണത്തിനുള്ള തെളിവായി കണ്ട് കൈലാഷ് വിജയവർഗ്ഗിയയുടെ പരാമർശമടങ്ങിയ വീഡിയോ കോൺഗ്രസ്സ് വക്താവ് ട്വീറ്റ് ചെയ്തു.
ഭരണഘടനാപരമായി തിറഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ ഭരണഘടനാവിരുദ്ധമായി താഴെ ഇറക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നത് വ്യക്തമായെന്ന് കോൺഗ്രസ്സ് വക്താവ് നരേന്ദ്ര സലുജ ട്വീറ്റ് ചെയ്തുകൊണ്ട് പറഞ്ഞത്.
“ആദ്യ ദിനം മുതൽ കോൺഗ്രസ്സ് ഇക്കാര്യം പറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാൽ കമൽനാഥ് സർക്കാരിന്റെ പതനത്തിന് കോൺഗ്രസ്സിലെ ഉൾപ്പോരുകളാണ് ഇത്രനാളും ബിജെപി ആരോപിച്ചത്. എന്നാൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗ്ഗിയ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്”, സലുജ പറഞ്ഞു.

