ആഘോഷത്തിൽ മുങ്ങിയ ബസ്സില് നിന്നുയര്ന്നത് നിലവിളി; കോവിഡിനെ അവഗണിച്ച് ജീവൻ വാരിയെടുത്ത് നാട്ടുകാർ

രാജപുരം : ദുരന്തങ്ങളെ നേരിടാൻ മലയാളികൾക്കെന്നും വല്ലാത്ത ചങ്കുറപ്പും ശക്തിയുമാണ്. നൂറ്റാണ്ടിലെ തന്നെ വലിയ രണ്ട് പ്രളയങ്ങളിലും ഓഖിയിലുമെല്ലാം മലയാളികളുടെ ആ കരുത്ത് ലോകം കണ്ടതാണ്. കോവിഡ് കേരളത്തിൽ പിടിമുറുക്കിയ ഓഗസ്റ്റിലുണ്ടായ കരിപ്പൂർ വിമാനാപകടത്തിലും ലോകം മലയാളികളുടെ സഹായ മനസ്ഥിതി കണ്ട് അഭിമാനം പൂണ്ടു. കാസർകോട് വിവാഹ ബസ്സ് അപകടത്തിൽപ്പെട്ട പാണത്തൂരിലും സ്ഥിതിഗതികൾ മറിച്ചായിരുന്നില്ല. വിവാഹ സത്കാരത്തിനായി വധുവിന്റെ ബന്ധുക്കളുമായി വന്ന ബസ്സാണ് ഞായറാഴ്ച 12.30ന് പാണത്തൂരിൽ വലിയ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഏഴ് പേരാണ് മരിച്ചത്. എന്നാൽ ഇത്രയും വലിയ അപകടത്തിലും മരണ സംഖ്യ ഉയരാത്തത് പാണത്തൂരിലും പരിസര പ്രദേശങ്ങളിലുമുണ്ടായിരുന്ന ജനങ്ങൾ കോവിഡിനെ പോലും അവഗണിച്ച നടത്തിയ സമയബന്ധിതമായ രക്ഷാപ്രവർത്തനം മൂലമാണ്. ബസ് അപകടത്തിൽപ്പെട്ടയുടൻ തന്നെ ഓടിയെത്തിയ നാട്ടുകാർ അപകടത്തിൽപ്പെട്ട ഓരോരുത്തരെയും വാരിയെടുത്ത് ആശുപത്രിയിൽ എത്തിച്ചു
സുള്ള്യയിൽ നിന്നും പാണത്തൂരിലെ എള്ളുക്കൊച്ചിയിലേക്ക് വിവാഹത്തിന് വന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട് റോഡിനു താഴെയുള്ള ജോസ് എന്നയാളുടെ വീട്ടിലേക്കാണ് ബസ് പാഞ്ഞ് കയറിയത്. വീട് ഭാഗികമായി തകർന്നു. വീടിനുള്ളിൽ ആരും ഇല്ലായിരുന്നു.
ബസ്സിൽ 56 പേരുണ്ടായിരുന്നുവെന്നാണ് വിവരം. രാജപുരം സിഎ രഞ്ജിത്ത് രവീന്ദ്രൻ സംഭവസ്ഥലത്തെത്തി.. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പിന്നീട് രക്ഷാ പ്രവർത്തനം നടന്നത്. കുറ്റിക്കോൽ അഗ്നി ശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് വേഗത കൂട്ടി. വലിയ അപകടമായിട്ടും സമബന്ധിതമായി പ്രഥമശുശ്രൂഷ അപകടത്തിൽപ്പെട്ടവർക്ക് നൽകാൻ കഴിഞ്ഞത് മരണ സംഖ്യ കുറച്ചു.
പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്കാണ് എല്ലാവരെയും ഉടനടി എത്തിച്ചത്. ഞായറാഴ്ചയായയതിനാൽ ആശുപത്രിയിൽ ഒരു ഡോക്ടർ മാത്രമാണുണ്ടായിരുന്നത്. എന്നാൽ അപകടത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് അവധിയിലായ അഞ്ചു ഡോക്ടർമാരും ആശുപത്രിയിലേക്ക് പാഞ്ഞെത്തി ശുശ്രൂഷ നൽകുകയായിരുന്നു.
കർണാടക സ്വദേശികളാണ് അപകടത്തിൽപ്പെട്ടത് എന്നത് കൊണ്ട് തന്നെ അപകടം നടന്ന പ്രദേശം അവർക്കെല്ലാം അപരിചിതമായിരുന്നു. അപകടത്തിൽപ്പെട്ടവർക്ക് ഭക്ഷണവും വെള്ളവും സംഭവസ്ഥലത്തും ആശുപത്രിയിലുമായി നാട്ടുകാർ എത്തിച്ചു.
ക്വാറന്റീനിലായിരുന്ന പെൺകുട്ടിയെ പാമ്പുകടിച്ചപ്പോൾ സ്വന്തം ആരോഗ്യം മറന്ന് ആ കുട്ടിയെ ആശുപത്രിയിലെത്തിച്ച് വാർത്തകളിലിടം നേടിയം ജിനിലെന്ന യുവാവും രക്ഷാപ്രവർത്തനത്തിനെത്തിയിരുന്നു
വിവാഹസ്ഥലതത് നിന്ന് 35 കിലോമീറ്റർ അകലെയാണ് ആശുപത്രി. അപകടവിവരമറിഞ്ഞ് നവ വധു അരുണ ബന്ധുക്കളെ കാണാൻ ആശുപത്രിയിലേക്കോടിയെത്തി. ഹൃദയം നുറുങ്ങുന്ന ദൃശ്യങ്ങളാണ് അരുണയെ അവിടെ വരവേറ്റത്. അപകടത്തിൽ മരിച്ച ഒരു സ്ത്രീയെ തിരിച്ചറിയാനായി അരുണയെ കാണിച്ചെങ്കിലും മാരകമായ പരിക്കേറ്റയാളെ അരുണയ്ക്ക് തിരിച്ചറിയാൻ പോലുമായില്ല.
കാത്തിരുന്ന കല്ല്യാണനാളിൽ അരുണയ്ക്ക് നഷ്ടപ്പെട്ടത് ഏഴു ബന്ധുക്കളെയാണ്.
അർധമൂല സ്വദേശി നാരായണ നായിക്കിന്റെ മകൻ ശ്രേയസ് (13), സുള്ള്യ സ്വദേശി രവിചന്ദ്ര (40), ഈശ്വരി (39), ബെൽനാട് സ്വദേശി രാജേഷ് (45) ബണ്ട്വാൾ സ്വദേശി ശശിധരപൂജാരി(43) പുത്തൂർ സ്വദേശിനി സുമതി (50), പുത്തൂർ സ്വദേശി ആദർശ് (14) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശശിധര പൂജാരി മംഗലാപുരത്തെ ആശുപത്രിയിൽവെച്ചാണ് മരിച്ചത്.
മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങൾ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആദർശിന്റെ മൃതദേഹം കാഞ്ഞങ്ങാട് ആശുപത്രിയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ മംഗലാപുരത്തെ ആശുപത്രിയിലും മറ്റുള്ളവർ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലും ചികിത്സയിലാണ്

