വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ ഉള്ളത് അതിതീവ്ര വര്‍ഗീയ വികാരം – ഇ.ടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശമുന്നയിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ രംഗത്ത്. വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ ഉള്ളത് അതിതീവ്ര വർഗീയ വികാരമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം പ്രസ്താവനകൾ ഇടക്കിടെ വന്നുകൊണ്ടിരിക്കും.മുസ്ലിം ലീഗിൽ വർഗീയത ആരോപിച്ച് ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയമാണ് അവർ കളിച്ചുകൊണ്ടിരിക്കുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീർ മാധ്യമങ്ങളോട് പറഞ്ഞു.
ഭരണം കിട്ടില്ലെന്ന പേടിയിലാണ് കുഞ്ഞാലിക്കുട്ടി ന്യൂനപക്ഷ ഏകീകരണത്തിന് ശ്രമിക്കുന്നതെന്ന് നേരത്തെ വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ക്രൈസ്തവ സഭാധ്യക്ഷന്മാരുമായി കുഞ്ഞാലിക്കുട്ടി നടത്തിയ കൂടിക്കാഴ്ചയാണ് വെള്ളാപ്പള്ളിയെ കടുത്ത വിമർശത്തിന് പ്രേരിപ്പിച്ചത്.
കുഞ്ഞാലിക്കുട്ടി നടത്തുന്ന ഇടപെടലുകൾ കോൺഗ്രസിന്റെ ഗതികേടാണെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ന്യൂനപക്ഷത്തിന്റെ കൂട്ടുകെട്ട് കേരളത്തിന് അപകടകരമാണ്. ഈ കൂട്ടുകെട്ട് വരുന്നതോടെ കേരള രാഷ്ട്രീയത്തിൽ രമേശ് ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും പ്രസക്തി ഇല്ലാതാവുകയാണ്. യുഡിഎഫ് ഛിന്നഭിന്നമാണ്. യുഡിഎഫിന് നേതാവ് ഇല്ലാത്തിനാലാണ് കുഞ്ഞാലിക്കുട്ടിയെ രംഗത്തിറക്കേണ്ട ഗതികേട് കോൺഗ്രസിനുണ്ടായത്. പ്രബല കക്ഷിയായ കോൺഗ്രസിന് കുഞ്ഞാലിക്കുട്ടിയുടെ പുറകേ പോകേണ്ട ഗതികേട് കേരള രാഷ്ട്രീയത്തിൽ ഉണ്ടായെങ്കിൽ നാളെ കോൺഗ്രസ് ഇവിടെ ഇല്ലാതാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ഇ.ടി മുഹമ്മദ് ബഷീർ രംഗത്തെത്തിയത്.

