KSDLIVENEWS

Real news for everyone

ശാന്തമായിരുന്ന ജില്ലാ ആശുപത്രി നടുങ്ങിയ മണിക്കൂറുകൾ

SHARE THIS ON

കാഞ്ഞങ്ങാട്:പതിവ് തിരക്കുകളൊന്നുമില്ലാതെ ശാന്തമായിരുന്നു ഞായറാഴ്ച ജില്ലാ ആസ്പത്രി പരിസരം. പാണത്തൂർ പരിയാരത്ത് കല്യാണ ബസ് മറിഞ്ഞ് അപകടത്തിൽപ്പെട്ടവരെയും കൊണ്ട് നിലവിളി ശബ്ദത്തോടെ ആദ്യത്തെ ആംബുലൻസ് ചീറിപ്പാഞ്ഞു വന്നത് കൃത്യം 12.40-ഓടെ ആയിരുന്നു.
അബോധാവസ്ഥയിലായിരുന്ന രണ്ടുകുട്ടികളായിരുന്നു അതിലുണ്ടായിരുന്നത്. പിന്നിട് ഒന്നിനുപിറകെ ഒന്നായി ആംബുലൻസും മറ്റ് വാഹനങ്ങളുമായി ജില്ലാ ആസ്പത്രി പരിസരം നിറഞ്ഞു. മിക്കവരും ചോരയിൽ മുങ്ങിയ കാഴ്ച. കണ്ടുനിന്നവരാദ്യം വിറങ്ങലിച്ചുപോയെങ്കിലും കോവിഡ് മാനദണ്ഡങ്ങളെല്ലാം മറന്ന് നാട്ടുകാരടക്കം രക്ഷാപ്രവർത്തനത്തിനിറങ്ങി. അപ്പോഴും വാർത്തയറിഞ്ഞവർ ജില്ലാ ആസ്പത്രി പരിസരത്തേക്ക് എത്തുന്നുണ്ടായിരുന്നു. ഒന്നിനുപിറകെ ഒന്നായി പോലീസ് വാഹനങ്ങളുമെത്തി. പരിശോധനാമുറിയിൽനിന്ന് വേദനകൊണ്ട് പുളയുന്ന ആളുകളുടെ നിലവിളി ശബ്ദമായിരുന്നു പുറത്തേക്കുയർന്നത്. അവധിദിവസമായതിനാൽ ആസ്പത്രിയിൽ ജീവനക്കാരും കുറവായിരുന്നു. ആളുകളെ നിയന്ത്രിക്കാൻ ജീവനക്കാരും ഏറെ പാടുപെട്ടു. ജില്ലാ മെഡിക്കൽ ഓഫീസർ ഇടപെട്ട് അവധിയിലുണ്ടായിരുന്ന ഡോക്ടർമാരെയും നഴ്‌സുമാരെയും മറ്റ് ജീവനക്കാരെയും ആസ്പത്രിയിലെത്തിച്ചു. ജോലി കഴിഞ്ഞ് ഇറങ്ങാൻ നിന്നവരും അടിയന്തര സാഹചര്യം മനസ്സിലാക്കി ഇടപെട്ടു. പരിക്കേറ്റ്‌ എത്തിയവരിൽ കൂടുതൽപേർക്കും തുളുഭാഷ മാത്രമേ വശമുണ്ടായിരുന്നുള്ളൂ. ഇത് ഡോക്ടർമാർക്കടക്കം ആശയവിനിമയത്തിന്‌ തടസ്സമായി. പരിക്കേറ്റ 40 പേരെയാണ് രണ്ടരയോടെ ആസ്പത്രിയിലെത്തിച്ചത്. അതിൽ ഗുരുതരാവസ്ഥയിലുള്ള 12 പേരെ മംഗളൂരുവിലെ ആസ്പത്രിയിലേക്കും മാറ്റി. മൂന്നുമണിയോടെ കളക്ടർ ഡോ. ഡി.സജിത്ത് ബാബു, ജില്ലാ പോലീസ് മേധാവി ഡി.ശിറ്പ എന്നിവരും സ്ഥലത്തെത്തി ഉദ്യോഗസ്ഥർക്ക് വേണ്ട നിർദേശങ്ങൾ നൽകി.

ആശയവിനിമത്തിന്‌ ഭാഷാപ്രശ്നങ്ങളുള്ളതിനാൽ ചികിത്സയിൽ കഴിയുന്നവരെ മംഗളൂരുവിലെ വെൻലോക്‌ ആസ്പത്രിയിലേക്ക് മാറ്റാൻ രണ്ട് കെ.എസ്.ആർ.ടി.സി. ബസ് ഏർപ്പെടുത്തിയതായും ഇവരിൽ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടവരെ വീട്ടിലെത്തിക്കാൻ കർണാടക സർക്കാരുമായി ചർച്ച ചെയ്ത് അവിടെ സൗകര്യമൊരുക്കിയതായും കളക്ടർ പറഞ്ഞു.
വൈകീട്ടോടെ എം.എൽ.എ.മാരായ കെ.കുഞ്ഞിരാമൻ, എൻ.എ.നെല്ലിക്കുന്ന് എന്നിവരും ആസ്പത്രിയിലെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ കെ.വി.സുജാത, കൗൺസിലർ വി.വി.രമേശൻ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്, ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നിൽ തുടങ്ങിയവരും ആസ്പത്രിയിലെത്തിയിരുന്നു.
ചികിത്സ തേടിയത് 40 പേർ
കാഞ്ഞങ്ങാട്: പാണത്തൂർ പരിയാരത്ത് വിവാഹപാർട്ടി സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ജില്ലാ ആസ്പത്രിയിൽ ചികിത്സ തേടിയത് 40 പേർ. ഇതിൽ ഗുരുതരാവസ്ഥയിലായ 12 പേരെ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റി. സുജിത്ത് (10), ശിവപ്പ (40), വിജിത്ത് (16), വിജയ് (41), ലിഖിത (15), പാർവതി (62), മാലതി (42), കാവ്യശ്രീ (17), അക്കാമ്മ (65), വിദ്യ (18) എന്നിവരെയാണ് മാറ്റിയത്. അതിനിടെ 16-കാരനായ ആദർശ് ജില്ലാ ആസ്പത്രിയിൽവെച്ച് മരിച്ചു. മംഗളൂരുവിലേക്ക് മാറ്റിയ ശശിധർ പൂജാരിയും (60) മരിച്ചു. ശിവ നായിക്ക് (59), ഈശ്വരാ നായിക്ക് (59), ഐഷാസ് (ആറ്‌), മമത (31), ഈശ്വർ (36), നിഖിത (17), വീരപ്പ നായിക്ക് (65), ജയലക്ഷ്മി (36), ജാനകി (55), നീലപ്പ (63), ഈശ്വർ (50), ദീപക്ക് (19), ശാരദ (50), ഗുരിന്ദ (18), ചന്ദ്ര (40), ഭാരതി (27), ദിവ്യശ്രീ (19), നാരായണ (40), ചിനിയ നായിക്ക് (67), യശോദര (20), അരുണ (61), ഭവ്യശ്രീ (31), ജയ (32), സൗമ്യ (22), ജനനി (11), ചിത്ര (25), നാരായണ നായിക്ക് (48), ജയറാം (50) എന്നിവർക്ക് ജില്ലാ ആസ്പത്രിയിൽനിന്ന്‌ ചികിത്സ നൽകി. വൈകീട്ട് ആറരയോടെ കേരള സർക്കാർ ഏർപ്പെടുത്തിയ രണ്ട് കെ.എസ്.ആർ.ടി.സി. ബസുകളിലായി അവരെ നാട്ടിലേക്ക് എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!