കതിർമണ്ഡപത്തിൽനിന്ന് അവരോടിയെത്തി; പ്രിയരുടെ ജീവൻ പൊലിഞ്ഞിടത്തേക്ക്

രാജപുരം: വിവാഹ ആഘോഷങ്ങളുടെ നടുവിൽനിന്ന് അപകടവിവരമറിഞ്ഞ് കണ്ണീരോടെ വധൂവരൻമാരെത്തിയത് ആസ്പത്രിയിലെ ദുരന്തകാഴ്ചകളിലേക്ക്. ഞായറാഴ്ച രാവിലെ 11.15-നായിരുന്നു. പുത്തൂർ ബൽനാട് സ്വദേശിനി അരുണയും കരിക്കെ കുണ്ടത്തിക്കാനത്തെ പ്രശാന്തും തമ്മിലുള്ള വിവാഹം വരന്റെ വീട്ടിൽ നടന്നത്.
അൽപസമയത്തിനകം വിവാഹവീട്ടിലേക്ക് പുറപ്പെട്ട വധുവിന്റെ ബന്ധുക്കളടക്കമുള്ളവർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട വിവരം പുറത്തുവന്നു. ഇതറിഞ്ഞതോടെ വിവാഹവീട്ടിലെത്തിയവർ കിട്ടിയ വാഹനങ്ങളിൽ അപകടസ്ഥലത്തേക്കും ആസ്പത്രികളിലേക്കും പുറപ്പെടുകയായിരുന്നു.
വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർ അപകടത്തിൽ പെട്ടതറിഞ്ഞ് വധൂവരൻമാരും ഉടൻ ആസ്പത്രിയിലേക്ക് പുറപ്പെട്ടു. പൂടംകല്ല് താലൂക്ക് ആസ്പത്രിയിലെത്തിയ പ്രശാന്തും അരുണയും മരിച്ച ഗബന്ധുക്കളെയും പരിക്കേറ്റവരെയും കണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ വിറങ്ങിലിച്ച അവസ്ഥയിലായിരുന്നു.
ഇതിനിടെ ആളെ തിരിച്ചറിയാതെ ആംബുലൻസിൽ സൂക്ഷിച്ച മൃതദേഹം അരുണയെ കാണിച്ചെങ്കിലും മനസ്സിലാകുന്നില്ലെന്ന് അറിയിച്ച് കരഞ്ഞുതളർന്ന് ഇറങ്ങിവരികയായിരുന്നു.
പിന്നീട് ബന്ധുക്കളെത്തി ഇവരെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോയി

