രാജമല പെട്ടിമുടി ദുരന്തം : മരിച്ചവരുടെ ഉറ്റവർക്ക് സഹായധനം നാളെ നൽകും , വീടുകളും ഈ മാസം കൈമാറും

മൂന്നാര്‍: ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി രാജമല പെട്ടിമുടിയിലെ ദുരന്ത ബാധിതര്‍ക്കുള്ള സര്‍ക്കാര്‍ സഹായധനം നാളെ കൈമാറും. മരിച്ച 44 പേരുടെ അനന്തരാവകാശികള്‍ക്കാണ് ആദ്യഘട്ടത്തില്‍ സഹായധനം നല്‍കുന്നത്. ദുരന്തത്തെ അതിജീവിച്ചവര്‍ക്കുള്ള വീടുകളും ഈ മാസം കൈമാറും.
ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാരിന്റെ സഹായധനം ലഭിക്കാത്തതിനെതിരെ പരാതി ഉയര്‍ന്നതോടെയാണ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കിപണം കൈമാറുന്നത്. ദുരന്തത്തില്‍ 70 പേരാണ് മരിച്ചത്. ഇതില്‍ 44 പേരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ആദ്യഘട്ടത്തില്‍ സഹായം നല്‍കുന്നത്. മൂന്നാറില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എംഎം മണി അഞ്ച് ലക്ഷം രൂപ വീതം അനന്തരാവകാശികള്‍ക്ക് കൈമാറും
ദുരന്തബാധിതര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനത്തിന്റെ ആദ്യഘഡു നേരത്തെ കിട്ടി.
ദുരന്തത്തെ അതിജീവിച്ച എട്ട് കുടുംബങ്ങള്‍ക്ക് മൂന്നാര്‍ കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് കണ്ണന്‍ദേവന്‍ കമ്ബനി വീടു വച്ചുനല്‍കും. അവസാനഘട്ടത്തിലെത്തിയ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഈ മാസം അവസാനത്തോടെ താക്കോല്‍ കൈമാറാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്.

