ഔഫിന്റെ കൊലപാതകം: ബഹളം കേട്ടില്ലെന്ന് പ്രദേശത്തെ വീട്ടുകാരുടെ മൊഴി

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാൻ കൊല്ലപ്പെട്ട മുണ്ടത്തോട് പ്രദേശത്തെ എട്ട് വീട്ടുകാരിൽനിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. അന്നുരാത്രി റോഡിൽനിന്ന് ഒരുതരത്തിലുമുള്ള ബഹളവും കേട്ടില്ലെന്നാണ് എട്ട് വീടുകളിലെയും ആളുകൾ മൊഴി നൽകിയതെന്ന് ഡിവൈ.എസ്.പി. കെ.ദാമോദരൻ പറഞ്ഞു. രാത്രി ഒൻപതര കഴിഞ്ഞപ്പോൾ തന്നെ ലൈറ്റ് അണച്ച് ഉറങ്ങാൻ കിടന്നുവെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. മുണ്ടത്തോട്-ബാവാനഗർ റോഡിൽ കൊല നടന്ന സ്ഥലത്തുനിന്ന് 200 മീറ്റർ കിഴക്കുമാറിയാണ് ഒന്നാംപ്രതി ഇർഷാദിന്റെ വീട്. അടുത്തുള്ള എട്ട് വീട്ടുകാരിൽനിന്നാണ് മൊഴിയെടുത്തത്. ഔഫിന്റെ രണ്ട് അമ്മാവൻമാരിൽനിന്നും അന്വേഷണസംഘം മൊഴിയെടുത്തു.
തിങ്കളാഴ്ച ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയിൽ ഹാജരാക്കിയ, ഇർഷാദിനെ വീണ്ടും ജയിലിലേക്കയച്ചു. മറ്റ് രണ്ട് പ്രതികളായ ഹസ്സൻ, ഹാഷിർ എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.

