KSDLIVENEWS

Real news for everyone

മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന്‌ യുവതിയുടെ കുടുംബം

SHARE THIS ON

കടയ്ക്കാവൂർ:പതിമൂന്നുകാരനെ അമ്മ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന ആരോപണവുമായി യുവതിയുടെ കുടുംബം. യുവതിയുടെ ഭർത്താവു നൽകിയ വ്യാജപരാതിയാണിതെന്നും കുട്ടിയെ പിതാവ് ഭീഷണിപ്പെടുത്തി തെറ്റായ മൊഴി നൽകിപ്പിച്ചതാണെന്നും ബന്ധുക്കൾ പറയുന്നു. വിവാഹമോചനം നേടാതെയുള്ള രണ്ടാം വിവാഹം എതിർത്തതിന്റെ വൈരാഗ്യം തീർക്കാനാണ് യുവതിയെ കേസിൽ കുടുക്കിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

യുവതിയെ ഇയാൾ നിരന്തരം മർദിക്കുമായിരുന്നുവെന്നും സ്ത്രീധനത്തിന്റെ പേരിൽ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. യുവതിയും ഭർത്താവുമായുള്ള കേസ് കുടുംബക്കോടതിയിൽ നിലനിൽക്കെയാണ് വ്യാജ പരാതിയുമായി ഇയാൾ ചൈൽഡ് ലൈനെ സമീപിക്കുന്നത്. കേസിൽ അറസ്റ്റിലായ യുവതിക്ക് നിയമസഹായവും സംരക്ഷണവും നൽകുന്നതിന് നാട്ടുകാർ ആക്ഷൻ കൗൺസിലിനു രൂപംനൽകി. യുവതിയെ കുടുക്കാൻ കുട്ടിയെക്കൊണ്ട് നിർബന്ധിച്ചു മൊഴിനൽകിയതാണെന്നും കുടുംബം ആരോപിക്കുന്നു.

ഗർഭിണിയായിരിക്കുമ്പോഴും പ്രസവത്തിനു ശേഷവും മർദനം പതിവായിരുന്നുവെന്നും യുവതിയുടെ മാതാവ് പറഞ്ഞു. പിതാവ് തന്നെ ഉപദ്രവിച്ചിരുന്നുവെന്നും കൂടെ താമസിച്ചിരുന്ന ദിവസങ്ങളിൽ അടിക്കുകയും ഭക്ഷണം നൽകാതെ ഉപദ്രവിച്ചിരുന്നുവെന്നും ഇളയ കുട്ടിയും വെളിപ്പെടുത്തുന്നു. ചൈൽഡ് ലൈനിൽ നൽകിയ പരാതിയെത്തുടർന്ന് മകന്റെ മൊഴിയിൽ പോലീസ് അറസ്റ്റുചെയ്ത യുവതി ഇപ്പോൾ റിമാൻഡിലാണ്. ഇവരുടേത് പ്രണയവിവാഹമായിരുെന്നങ്കിലും നിരന്തരം മർദനം ഏൽക്കേണ്ടിവന്നതോടെ മൂന്നു വർഷമായി ഭർത്താവിൽനിന്ന് അകന്നുകഴിയുകയായിരുന്നു യുവതി.

37-കാരിയായ ഇവർക്ക് 17, 13, 11 എന്നീ പ്രായമുള്ള മൂന്ന് ആൺകുട്ടികളും ആറു വയസ്സുള്ള പെൺകുട്ടിയുമാണുള്ളത്. വേർപെട്ടു താമസിക്കാൻ തുടങ്ങിയതിനു പിന്നാലെ ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും മൂന്നു കുട്ടികളെ തന്റെയൊപ്പം വിദേശത്തേക്കു കൊണ്ടുപോകുകയും ചെയ്തു. ഇതിലൊരു കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരേ അറസ്റ്റുൾപ്പെടെയുള്ള നടപടിയുണ്ടായത്.

കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കണമെന്നും യുവതിയുടെ പിതാവ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!