KSDLIVENEWS

Real news for everyone

കാനത്തൂർ കൊലപാതകം; മദ്യ ലഹരിക്കൊപ്പം ഭാര്യയെ കുറിച്ചുള്ള സംശയവും കൊലപാതകത്തിന് കാരണം

SHARE THIS ON

ബോവിക്കാനം ∙ ‌ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത കാനത്തൂർ വടക്കേക്കരയിലെ വീട്ടിൽ ഫൊറൻസിക് സംഘം പരിശോധന നടത്തി. അന്വേഷണ ഉദ്യോഗസ്ഥനായ ആദൂർ സിഐ വി.കെ.വിശ്വംഭരന്റെ നേതൃത്വത്തിലാണ് സംഘം തെളിവ് ശേഖരിച്ചത്. വീടിനുള്ളിൽ ബേബി ശാലിനി വെടിയേറ്റു കിടന്ന സ്ഥലത്തെ രക്ത സാംപിളുകളും വെടിയുണ്ടയുടെ അവശിഷ്ടങ്ങളും ചുമരിൽ വെടിയുണ്ട തുളച്ച് കയറിയ അടയാളങ്ങളും സംഘം ശേഖരിച്ചു.

വിജയൻ ആത്മഹത്യ ചെയ്ത റബർ തോട്ടത്തിൽ നിന്നു വെടി വയ്ക്കാൻ ഉപയോഗിച്ച നാടൻ തോക്ക് കണ്ടെടുത്തിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കു 11.50നാണ് കാനത്തൂർ വടക്കേക്കരയിലെ സി.വിജയൻ വീട്ടിനുളളിൽ ഭാര്യ ബേബി ശാലിനിയെ വെടി വച്ചു കൊലപ്പെടുത്തിയത്. അതിനു ശേഷം വിജയൻ തൂങ്ങി മരിക്കുകയും ചെയ്തു. മദ്യ ലഹരിക്കൊപ്പം ഭാര്യയെ കുറിച്ചുള്ള സംശയവുമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. തോക്ക് ബാലിസ്റ്റിക് പരിശോധനയ്ക്കു വിധേയമാക്കും.
ഏക പ്രതി മരിച്ചതിനാൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് പെട്ടെന്നു തന്നെ കോടതിയിൽ കുറ്റപത്രം നൽകി കേസ് അവസാനിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വിജയന്റെ മൃതദേഹം കോളിയടുക്കത്തെ കുടുംബ വളപ്പിൽ സംസ്കരിച്ചു. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലാണ് ബേബി ശാലിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത്. വൈകിട്ടോടെ കുണ്ടംകുഴി കൂവാരയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!