KSDLIVENEWS

Real news for everyone

ഒരു വർഷത്തെ ബിൽ കുടിശികയായി ആധുനിക ടെസ്റ്റ് ട്രാക്കിന്റെ വൈദ്യുതി കണക്​ഷൻ വിഛേദിച്ചു

SHARE THIS ON

ബദിയടുക്ക ∙ ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങാത്ത കംപ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്ക് ആൻഡ് കംപ്യൂട്ടറൈസ്ഡ് വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷന്റെ വൈദ്യുതി വിഛേദിച്ചു. ബേളയിലെ ടെസ്റ്റിങ് സെന്ററിന്റെ വൈദ്യുതിയാണ് കുടിശിക മൂലം വിഛേദിച്ചത്. 63,222 രൂപയാണ് കുടിശികയായത്. 2020 ഫെബ്രുവരി14 ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനാണ്  ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം നടത്തിയതല്ലാതെ ഇതിന്റെ പ്രവർത്തനം തുടങ്ങിയില്ല. 1വർഷത്തെ കുടിശികയാണ് സീതാംഗോളി വൈദ്യുതി സെക്ഷൻ ഓഫിസിൽ അടയ്ക്കാനുള്ളത്. പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ ഡ്രൈവിങ് ടെസ്റ്റും വാഹനങ്ങളുടെ സാങ്കേതിക പരിശോധനയും കുറ്റമറ്റതും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടർ വാഹന വകുപ്പ് സെന്റർ തുടങ്ങിയത്.

ടെസ്റ്റിങ് സെന്ററിൽ ഉപയോഗിക്കാത്ത ജനറേറ്റർ
4.10 കോടിയിലേറെ ചെലവഴിച്ചാണ് 2 ഏക്കർ സ്ഥലത്ത് ഇത് നിർമിച്ചത്.   ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം.ഇതിന് പരിശീലനം നൽകുന്നതിനു ജർമൻ സാങ്കേതിക വിദഗ്ധർ എത്താത്തതാണ് പ്രവർത്തനം വൈകാൻ കാരണമെന്നാണ് ആർടിഒ അധികൃതർ പറയുന്നത്.ലോക്ഡൗൺ കൂടി വന്നതോടെയാണ്  വിദഗ്ധരുടെ യാത്ര മുടങ്ങിയത്. ത്രീഫേസ് ലൈനിലെ വൈദ്യുതിയാണ് ഇതിനു ഉപയോഗിക്കുന്നത്. കുടിശികയായതോടെ ജില്ലാ ആർടിയെ ബന്ധപ്പെട്ടിരുന്നുവെന്നും  തുക അടയ്ക്കാത്തതിനാലാണ് വൈദ്യുതി വിഛേദിച്ചതെന്നും സെക്ഷൻ ഓഫിസ് അധികൃതർ പറയുന്നു.ഡ്രൈവിങ് വൈദഗ്ദ്യം തിരിച്ചറിയുന്നതിനു ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ എട്ടാമത്തേയും കേന്ദ്രമായിരുന്നു ഇത്. കംപ്യൂട്ടർ നിയന്ത്രിത വാഹന പരിശോധനാ സംവിധാനത്തിലൂടെ വാഹന യാത്രക്കാരുടേയും റോ‍ഡ് ഉപയോക്താക്കളുടേയും ജീവൻ സുരക്ഷിതമാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. 

കാസർകോട് ആർടിഒ ഓഫിസ് പരിധിയിലുള്ളവർക്കാണ് ഇവിടെ ടെസ്റ്റ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!