കേരളത്തില്‍നിന്നുള്ളവര്‍ക്ക് ആര്‍ടി -പിസിആര്‍ പരിശോധനാഫലം നിര്‍ബന്ധമാക്കി കര്‍ണാടക

കേരളത്തിൽ നിന്ന് വരുന്ന എല്ലാ ആളുകളും 72 മണിക്കൂറിൽ കൂടാത്ത നെഗറ്റീവ് ആർടി-പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണമെന്നാണ് കർണാടക സർക്കാരിന്റെ നിർദേശം.
കേരളത്തിൽ നിന്ന് വരുന്നവർ ഹോട്ടലുകൾ, റിസോർട്ടുകൾ, ഡോർമെറ്ററികൾ, ഹോസ്റ്റലുകൾ, ഹോംസ്റ്റേകൾ എന്നിവടങ്ങളിൽ തങ്ങുന്നുണ്ടെങ്കിൽ 72 മണിക്കൂറിൽ കവിയാത്ത ആർടി-പിസിആർ പരിശോധന ഫലം ഹാജരാക്കേണ്ടി വരും. ഇതുസംബന്ധിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ കേരളത്തിൽ നിന്ന് കർണാടകയിലെത്തിയവരെ നിർബന്ധമായും ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പുതിയ ഉത്തരവിൽ പറയുന്നുണ്ട്.
ഹോസ്റ്റലുകളിൽ താമസിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ അവരുടെ നനാട്ടിലേക്ക് പതിവായി യാത്ര ചെയ്യുന്നത് ഒഴിവാക്കണം. കേരളത്തിൽ നിന്ന് മടങ്ങുന്ന അത്തരം വിദ്യാർത്ഥികൾ 72 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത നെഗറ്റീവ് ആർടി-പിസിആർ പരിശോധന റിപ്പോർട്ട് കൊണ്ടുവരണം. മൾട്ടി നാഷണൽ കമ്പനികൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, ലോഡ്ജുകൾ, കർണാടകയിലെ ഹോംസ്റ്റേകൾ എന്നിവയിൽ ജോലി ചെയ്യുന്ന ജീവനക്കാർ അവരുടെ സ്വന്തം ചെലവിൽ ആർടി പിസിആർ പരിശോധന നടത്തണം’ സർക്കുലർ കൂട്ടിച്ചേർത്തു.

