ഉത്സവാന്തരീക്ഷത്തിൽ ഇ.എം എസ് സ്റ്റേഡിയം തുറന്നു

നീലേശ്വരംജില്ലയിലെ കായിക പ്രേമികൾ കാത്തിരുന്ന നീലേശ്വരം ഇ എം എസ് സ്മാരക സ്റ്റേഡിയത്തിൽ പന്തുരുണ്ടു. ഫുട്ബോൾ പരിശീലനത്തിനെത്തിയ കുട്ടികൾക്ക് കായിക മന്ത്രി ഇ പി ജയരാജൻ പന്ത് തട്ടിക്കൊടുത്തതോടെ സ്‌റ്റേഡിയത്തിൽ ആരവമുയർന്നു. നൂറുകണക്കിന് കുട്ടികൾ പന്തുമായി ഗ്രൗണ്ടിലിറങ്ങി ഉൽസവാന്തരീക്ഷം പകർന്നു. ദേശീയ, അന്തർദേശീയ തലത്തിൽ ടീം ഇനങ്ങളിൽ മെഡൽ നേടിയവർക്ക് കായിക വകുപ്പിൽ ജോലി നൽകുമെന്നും കിഫ്‌ബിയിൽ നിന്ന് 1000 കോടി മുടക്കി എല്ലാ ജില്ലകളിലും അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയങ്ങൾ നിർമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ആധുനിക സൗകര്യത്തോടെ നീലേശ്വരം പുത്തരിയടുക്കത്ത് 16.5 കോടി രൂപ ചെലവിൽ നിർമിച്ചതാണ് സ്റ്റേഡിയം. ഒന്നാം ഘട്ടമായ ഫുട്ബോൾ ഗ്രൗണ്ട്, സ്വിമിങ് പൂൾ, പവലിയൻ എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. കിറ്റ്കോക്കാണ് നിർമാണ ചുമതല. വോളി–- – ബാസ്കറ്റ് ബോൾ കോർട്ടുകൾ, സിന്തറ്റിക് –- അത്‌ലറ്റിക്ക് ട്രാക്കുകൾ, ലോങ്ജമ്പ്, ഹൈജംബ് പിച്ചുകൾ എന്നിവയടങ്ങുന്നതാണ് സ്‌റ്റേഡിയം. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. പ്രോജക്ട് എൻജിനിയർ എ അഭിജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, മുൻ എംപി പി കരുണാകരൻ, മുൻ എംഎൽഎമാരായ കെ പി സതീഷ് ചന്ദ്രൻ, കെ കുഞ്ഞിരാമൻ, നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, കൗൺസിലർ വി വി ശ്രീജ, സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, കെ വി സുധാകരൻ, പി വിജയകുമാർ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, സുരേഷ് പുതിയേടത്ത്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, വെങ്ങാട്ട് കുഞ്ഞിരാമൻ, റസാഖ് പുഴക്കര എന്നിവർ സംസാരിച്ചു. ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് ഹബീബ് റഹ്മാൻ സ്വാഗതവും ബവിത നന്ദിയും പറഞ്ഞു.

