KSDLIVENEWS

Real news for everyone

മുനീറിനെ കൊടുവള്ളിയിൽ വേണ്ടെന്ന് പ്രാദേശിക നേതൃത്വം ; സ്ഥാനാർത്ഥി നിർണയം ചർച്ച ചെയ്യാൻ ലീഗ് യോഗം ഇന്ന്

SHARE THIS ON

മലപ്പുറം: സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുസ്ലീം ലീഗ് യോഗം ചേരും. സംസ്ഥാന നേതൃത്വം ജില്ലാ, മണ്ഡലം നേതാക്കളുമായി മലപ്പുറത്ത് കൂടിക്കാഴ്ച നടത്തും. സീറ്റുകളിലെ തര്‍ക്കം പരിഹരിക്കുകയാണ് ലക്ഷ്യം. ജില്ലാ ഭാരവാഹികളേയും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലെ ഭാരവാഹികളേയുമാണ് സംസ്ഥാന നേതൃത്വം ചര്‍ച്ചക്ക് വിളിച്ചിട്ടുളളത്.

രാവിലെ പത്ത് മണിയോടെ ഓരോ ജില്ലയിലേയും ഭാരവാഹികളുമായി പ്രത്യേകം പ്രത്യേകമായ കൂടിക്കാഴ്ചയാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുളളത്. ഇവരുടെ അഭിപ്രായങ്ങള്‍ കൂടി കേട്ട ശേഷം അതുകൂടി പരിഗണിച്ച്‌ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാനാണ് മുസ്ലീം ലീഗ് നേത്യത്വത്തിന്റെ തീരുമാനം. അതേസമയം, കൊടുവളളിയില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ടെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് ലീഗ് പ്രാദേശിക നേതൃത്വം. ഇക്കാര്യമാവശ്യപ്പെട്ട് ലീഗ് മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ സംസ്ഥാന നേതൃത്വത്തിന് കത്തെഴുതി. കൊടുവളളിയില്‍ എം കെ മുനീര്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രാദേശിക നേതൃത്വം എതിര്‍പ്പ് പരസ്യമാക്കി രംഗത്തെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ കൊടുവളളിയിലെ ലീഗ് നേതൃത്വം നിയമസഭാ തെരഞ്ഞെടുപ്പിലും നിലപാട് കടുപ്പിക്കുകയാണ്.

മണ്ഡലത്തിനുളളില്‍ നിന്നുളളയാള്‍ തന്നെ സ്ഥാനാര്‍ത്ഥിയാവണമെന്നാണ് ആവശ്യം. കൊടുവളളിയില്‍ നിന്നുളള ലീഗിന്റെ ജില്ലാ നേതാക്കളായ എം എ റസാഖ്‌ മാസ്റ്റര്‍, വി എ മുഹമ്മദ് മാസ്റ്റര്‍ എന്നിവരുടെ പേരുകളാണ് പ്രാദേശിക നേതൃത്വം സംസ്ഥാന നേതൃത്വത്തിന്‌ നല്‍കിയ കത്തിലുളളത്. ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ടെന്ന് കാണിച്ച്‌ പഞ്ചായത്ത് ഭാരവാഹികളും മണ്ഡലം ഭാരവാഹികളും ഒരുമിച്ച്‌ സംസ്ഥാന നേതൃത്വത്തിന് കത്തയക്കുന്നത് ലീഗില്‍ പിതിവില്ലാത്ത കീഴ്‌വഴക്കമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!