KSDLIVENEWS

Real news for everyone

ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൾറഹ്മാൻ ഔഫ് വധക്കേസിൽ കുറ്റപത്രം തയ്യാറാവുന്നു

SHARE THIS ON

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് പഴയകടപ്പുറത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൾറഹ്മാൻ ഔഫ് വധക്കേസിൽ കുറ്റപത്രം തയ്യാറാവുന്നു . ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എം. ജോസിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കുന്നത് . ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു . കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി കൊലപാതകത്തിന് ഉപയോഗിച്ച കത്തി , മരവടി , ഇരുമ്പുവടി എന്നിവ കണ്ണൂർ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ പരിശോധനക്ക് ശേഷം ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി . കത്തിയിലും മറ്റ് ആയുധങ്ങളിലുമുണ്ടായിരുന്ന രക്തക്കറ ഔഫിന്റേതാണോയെന്ന് തിരിച്ചറിയാനാണ് ഫോറൻസിക് പരിശോധനക്കയച്ചത് . പരിശോധനാഫലവും ആയുധങ്ങൾക്കൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട് . മുസ്ലീംയൂത്ത് ലീഗ് മുൻസിപ്പൽ സെക്രട്ടറി കല്ലൂരാവി മുണ്ടത്തോട്ടെ ഇർഷാദ് ( 26 ) , എം.എസ്.എഫ് പ്രവർത്തകരായ ഹസൻ ( 23 ) , ഹാഷിർ ( 24 ) എന്നിവരാണ് കേസിലെ പ്രതികൾ . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കല്ലൂരാവിയിലും പരിസരങ്ങളിലും ഉണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായിട്ടാണ് ഡിസംബർ 24 ന് രാത്രി സുഹൃത്തിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഔഫിനെ മുണ്ടത്തോട് വെച്ച് ബൈക്ക് തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്തിയത് . ആദ്യം ലോക്കൽ പൊലീസ് അന്വേഷണം നടത്തിയ കേസിൽ മൂന്നുപ്രതികളെയും അറസ്റ്റുചെയ്തിരുന്നു . ഇവർ ഇപ്പോഴും റിമാന്റിൽ കഴിയുകയാണ് . കൊലപാതകം നടന്ന് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച് പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് തടയുകയെന്നതാണ് ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം . ഇതിനിടെ പ്രതികൾ നൽകിയ ജാമ്യാപേക്ഷ കാസർകോട് ജില്ലാ സെഷൻസ് കോടതി തള്ളിക്കളഞ്ഞിരുന്നു . ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ബാലകൃഷ്ണനായിരുന്നു അന്വേഷിച്ചത് . അദ്ദേഹത്തെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി സ്ഥലംമാറ്റിയതിനെ തുടർന്നാണ് കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എം.ജോസിന് കൈമാറിയത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!