KSDLIVENEWS

Real news for everyone

പയ്യന്നൂരിലെ ഒന്നരവസുകാരന്റെ മരണം ചികിത്സാപ്പിഴവ്; ഡോക്ടർമാർക്കെതിരെ ക്രിമിനൽ കേസിന് ശുപാർശ

SHARE THIS ON

പയ്യന്നൂർ: കണ്ണൂർ പയ്യന്നൂരിൽ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ ചികിത്സാ പിഴവിനെത്തുടർന്ന് മരിച്ച സംഭവത്തിൽ ചികിത്സിച്ച ഡോക്ടർമാർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ. പയ്യന്നൂരിലെ ആശുപത്രിയിൽ നടന്ന ഈ ദാരുണ സംഭവത്തിൽ കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി നടപടികളുമായി മുന്നോട്ടുപോകണമെന്ന് അഞ്ചംഗ മെഡിക്കൽ ബോർഡ് ശുപാർശ ചെയ്തു.

എരമം സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏകമകൻ, ഒരു വർഷവും അഞ്ചുമാസവും പ്രായമായ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. അനസ്‌തേഷ്യ നൽകുന്നതിൽ കാലതാമസം വന്നതായി റിപ്പോർട്ടിൽ പറയുന്നു. രാവിലെ 10:15-ഓടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് വൈകുന്നേരമാണ് അനസ്‌തേഷ്യ നൽകിയത്. ഇത്രയും സമയം വൈകിയത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ആശുപത്രി അധികൃതർക്ക് വ്യക്തമായ ഉത്തരമില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

വൈകുന്നേരമായപ്പോഴേക്കും കുട്ടിയുടെ മുറിവ് ഭേദപ്പെട്ടുവരികയായിരുന്നു എന്നും, ആ സമയത്ത് അനസ്‌തേഷ്യ നൽകുകയോ ശസ്ത്രക്രിയ നടത്തുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ബോർഡ് വിലയിരുത്തി. ബോർഡിലെ മൂന്ന് അംഗങ്ങൾ ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വ്യക്തമായ അനാസ്ഥ ഉണ്ടായതായാണ് റിപ്പോർട്ടിൽ എഴുതിയിരിക്കുന്നത്.

ഒരു അംഗം ചികിത്സാ പിഴവില്ലെന്ന് വാദിച്ചപ്പോൾ മറ്റൊരാൾ പ്രത്യേക അഭിപ്രായം രേഖപ്പെടുത്തിയില്ല. അതേസമയം, കൃത്യസമയത്ത് ശരിയായ രീതിയിലുള്ള ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് മെഡിക്കൽ ബോർഡ് രേഖകൾ പരിശോധിച്ചതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത് എന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.

ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട ശക്തമായ വകുപ്പുകൾ പ്രകാരം പോലീസിന്റെ ഭാഗത്തുനിന്ന് വിശദമായ അന്വേഷണം തുടരും. പുതിയ ആശുപത്രി സംരക്ഷണ നിയമത്തിലെ ചട്ടങ്ങളും രോഗികളുടെ അവകാശങ്ങളും മുൻനിർത്തി കുറ്റക്കാർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സ്വകാര്യ മേഖലയിലെ സ്ഥാപനമായതിനാൽ സർക്കാർ തലത്തിലും പോലീസിന്റെ ഭാഗത്തുനിന്നും കർശനമായ ഇടപെടലുകൾ ഉണ്ടാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!