വീട്ടില്‍ നിന്ന് കൊണ്ടുപോയ പണം വിജിലന്‍സ് തിരിച്ചുതരേണ്ടിവരും, ഉറപ്പാണ്- കെ.എം ഷാജി

കോഴിക്കോട്: വിജിലൻസിനെ ഉപയോഗിച്ചും റെയ്ഡ് നടത്തിയും പിണറായി വിജയൻ പകപോക്കുകയാണെന്നും വീട്ടിൽ നിന്ന് കണ്ടെടുത്ത പണത്തിന് രേഖയുണ്ടെന്നും കെ.എം ഷാജി എം.എൽ.എ.
മൂന്നു ദിവസം അവധിയായതിനാൽ പണം ബാങ്കിൽ അടക്കാനായില്ല. സ്ഥാനാർത്ഥിയായതിനാൽ പണം കൈവശമുണ്ടാവുമെന്ന് ധരിച്ച് എത്തിയാണ് വിജിലൻസുകാർ പണം കൈവശപ്പെടുത്തിയത്. ഇതു തനിക്ക് തിരിച്ചുതരേണ്ടി വരുമെന്ന് ഉറപ്പാണ്.
എല്ലാ രേഖയുമുള്ള പണമായതിനാലാണ് പിണറായി പൊലീസ് നിരന്തരം വേട്ടയാടുകയും പിൻതുടരുകയും റെയ്ഡ് നടത്തുകയും ചെയ്തപ്പോഴും വീട്ടിൽ സൂക്ഷിച്ചത്. ഇതിന്റെ രേഖ ഏത് അന്വേഷണ ഏജൻസിക്ക് മുമ്പിലും ഹാജരാക്കാൻ ഒരുക്കമാണ്. അനധികൃതമായി ഒരു സ്വത്തും തന്റെ പേരിലില്ല.
വിജിലൻസ് തന്നെ പിന്തുടരുന്നതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ സ്വത്തുക്കൾ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ കൈവശമുണ്ട്. അത് അന്വേഷണ വിധേയമാക്കാൻ തയ്യാറാണ്. എന്നാൽ, ഇപ്പോൾ പിണറായി വിജയന്റെ വിജിലൻസ് ചെയ്യുന്നത് സത്യസന്ധമായ അന്വേഷണമല്ല. തന്നെ എങ്ങിനെയെങ്കിലും കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്. അതിനു മുന്നിൽ മുട്ടുമടക്കില്ലെന്നും നിയമപരമായി നേരിടുമെന്നും കെ.എം ഷാജി വ്യക്തമാക്കി.
ഇതിനിടെ ഷാജിയുടെ വീട്ടിൽ തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വിജിലൻസിന്റെ റെയ്ഡ് രാത്രി പതിനൊന്ന് മണിയോടെ അവസാനിച്ചു

