കോവിഷീല്‍ഡിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ ഈടാക്കുന്നത് ലോകത്തിലെ ഏറ്റവും ഉയർന്ന വില

ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ ആശുപത്രികൾ കോവിഷീൽഡ് വാക്സിനായി നൽകേണ്ടിവരിക ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായിരിക്കുമെന്ന് റിപ്പോർട്ട്. ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രസെനകയും വികസിപ്പിച്ചെടുത്ത കോവിഷീൽഡ് വാക്സിന്റെ ഒരു ഡോസിന് സെറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചിരിക്കുന്ന 600 രൂപ ലോകത്തിലെ തന്നെ ഏറ്റവും വലിയ നിരക്കാണെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
സ്വകാര്യ ആശുപത്രികൾക്ക് നൽകുന്ന ഒരു ഡോസിന് 600 രൂപ എന്നത് ഏകദേശം 8 ഡോളറിന് തുല്യമാണ്. ഒരു ഡോസ് വാക്സിന് ലോകത്ത് ഇടാക്കുന്ന ഏറ്റവും ഉയർന്ന വിലയാണ്. സംസ്ഥാനങ്ങൾക്ക് 400 രൂപ നിരക്കിലാണ് വാക്സിൻ നൽകുന്നത്. വാക്സിൻ സൗജന്യമല്ലെന്ന് സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചാൽ, സർക്കാർ ആശുപത്രികളിൽ വാക്സിനേഷൻ എടുക്കുന്നവരും ഒരു ഡോസിന് 400 രൂപ (5.30 ഡോളറിൽ കൂടുതൽ) നൽകണം.
സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകാനായി സെറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചിരിക്കുന്ന 400 രൂപ എന്നതുപോലും യു.എസ്., യു.കെ., യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളിലെ ഗവൺമെന്റുകൾ നേരിട്ട് അസ്ട്രസെനെക്കയിൽനിന്ന് വാങ്ങുന്ന വിലയേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. ഇതിലും കുറഞ്ഞ നിരക്കിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് വാക്സിൻ വാങ്ങുന്നതിനായി ബംഗ്ലദേശ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ കരാറിലേർപ്പെട്ടിരിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഒരു ഡോസ് വാക്സിനായി 2.15 മുതൽ 3.5 ഡോളറാണ് (ഏകദേശം 160-270 രൂപ) യൂറോപ്യൻ യൂണിയൻ മുടക്കുന്നത്. മൂന്ന് ഡോളറിനാണ് (ഏകദേശം 226 രൂപ) ബ്രിട്ടന് ഒരു ഡോസ് വാക്സിൻ ലഭിക്കുന്നത്. ബ്രിട്ടനും യൂറോപ്യൻ യൂണിയനും വാക്സിൻ നിർമാണത്തിനായി അസ്ട്രസെനകയിൽ നിക്ഷേപം നടത്തിയിരുന്നു.
ഡോസ് ഒന്നിന് നാല് ഡോളർ (ഏകദേശം 300 രൂപ) നിരക്കിലാണ് അമേരിക്കയ്ക്ക് വാക്സിൻ നൽകാമെന്ന് അറിയിച്ചിരിക്കുന്നത്. ബ്രിട്ടനും അമേരിക്കയും അസ്ട്രസെനകയിൽനിന്ന് നേരിട്ടാണ് വാക്സിൻ വാങ്ങുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള ഉൽപാദകരിൽ നിന്ന് ബ്രസീൽ 3.15 ഡോളറിനാണ് (ഏകദേശം 237 രൂപ) വാക്സിൻ വാങ്ങുന്നതെന്നാണ് റിപ്പോർട്ട്.
എന്നാൽ, സെറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് നേരിട്ട് വാക്സിൻ വാങ്ങുന്ന ബംഗ്ലാദേശ് ഒരു ഡോസിന് 4 ഡോളറാണ് (ഏകദേശം 300 രൂപ) മുടക്കുന്നതെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ്റിപ്പോർട്ട് ചെയ്തത്. ദക്ഷിണാഫ്രിക്കയും സൗദി അറേബ്യയും 5.25 ഡോളറാണ് (ഏകദേശം 395 രൂപ) മുടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ, കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തിനെതിരേ പ്രതിപക്ഷവും സംസ്ഥാനങ്ങളും എതിർപ്പ് ശക്തമാക്കുന്നതിനിടയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് തങ്ങളുടെ വാക്സിന്റെ വില പ്രഖ്യാപിച്ചിരുന്നു. കോവീഷീൽഡ് വാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കും നൽകുമെന്നാണ് കമ്പനി സി.ഇ.ഒ. അദാർ പൂനാവാല അറിയിച്ചത്. കേന്ദ്രസർക്കാരിന് 150 രൂപ നിരക്കിലായിരുന്നു നൽകിയിരുന്നത്. വില നിശ്ചയിക്കാനുള്ള അധികാരം സ്വകാര്യ കമ്പനിക്ക് നൽകിയതും വിലയിലെ അന്തരവും ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചിരുന്നു.

