KSDLIVENEWS

Real news for everyone

പരിഭ്രാന്തി പരത്തരുത്, ഉത്തരേന്ത്യന്‍ സാഹചര്യം നിലവില്‍ കേരളത്തിലില്ല; ഓക്‌സിജന്‍ സ്‌റ്റോക്കുണ്ട്’

SHARE THIS ON

തിരുവനന്തപുരം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ് വിതയ്ക്കുന്ന വിപത്തുകളെ പറ്റിയുള്ള വാർത്തകൾ നമ്മുടെ സംസ്ഥാനത്തും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ടെങ്കിലും അത്തരത്തിൽ ഭയചകിതമാകേണ്ട സ്ഥിതിവിശേഷം നിലവിൽ കേരളത്തിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാഗ്രത പുലർത്തിയാൽ നമുക്ക് ഈ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കും. എന്നാൽ ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന വസ്തുതാവിരുദ്ധമായ പല സന്ദേശങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെക്കൂടി ജാഗ്രത പുലർത്തണം. ഇത്തരത്തിൽ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാൻ ആരോഗ്യവകുപ്പ് നൽകുന്ന വിവരങ്ങളേയും ആധികാരികമായ സംവിധാനങ്ങളേയുമാണ് ആശ്രയിക്കേണ്ടത്. വാർത്തകൾ നൽകുമ്പോൾ ജനങ്ങളിൽ അനാവശ്യമായ ആശങ്ക പടർത്താതിരിക്കാൻ മാധ്യമങ്ങളും ശ്രദ്ധിക്കണമെന്ന് അഭ്യർഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപന തോത് വർധിച്ചു വരുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ഇന്ന് ചർച്ച നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. കോവിഡിന്റെ ഒന്നാം ഘട്ടത്തിൽ സ്വകാര്യ ആശുപത്രികളിൽ നിന്നും മികച്ച സഹകരണം ലഭിച്ചിരുന്നു. കോവിഡ് ചികിത്സക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾക്ക് പൂർണ സഹകരണമാണ് ഇന്നത്തെ യോഗത്തിലും സ്വകാര്യ ആശുപത്രി പ്രതിനിധികൾ വാഗ്ദാനം ചെയ്തത്. വ്യാപനതോത് രൂക്ഷമാകുന്ന ഘട്ടത്തെ മുന്നിൽ കണ്ടുള്ള നിർദ്ദേശങ്ങളാണ് യോഗത്തിൽ മുന്നോട്ടുവെച്ചതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ മുഖ്യമന്ത്രി മുന്നോട്ടുവെച്ച ആവശ്യങ്ങൾ എല്ലാ ആശുപത്രികളും കിടക്കകൾ യുദ്ധകാലാടിസ്ഥാനത്തിൽ വർധിപ്പിക്കണം. മൊത്തം കിടക്കകളുടെ 25 ശതമാനം ഈ ഘട്ടത്തിൽ കോവിഡ് ചികിത്സയ്ക്ക് മാറ്റിവയ്ക്കണം. പലരും 40-50 ശതമാനം കിടക്കകൾ ഇപ്പോൾ തന്നെ മാറ്റി വെച്ചിട്ടുണ്ട്. ഓരോ ദിവസവും കിടക്കകളുടെ സ്ഥിതിവിവരക്കണക്ക് ജില്ലാ ആരോഗ്യ വകുപ്പ് മേധാവിക്ക് കൈമാറണം. കിടക്കകൾ ഉള്ളിടത്ത് രോഗികളെ അയക്കാൻ ഇത് സഹായിക്കും. ഗുരുതര അവസ്ഥയിലുള്ള രോഗികൾ വന്നാൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം നൽകാൻ കഴിയണം. മികച്ച ഡോക്ടർമാർ, നഴ്സുമാർ, കോവിഡ് ചികിത്സയിൽ പ്രവീണ്യം നേടിയവർ എന്നിവരുടെ സേവനം അനിവാര്യ ഘട്ടങ്ങളിൽ ഡി.എം.ഒ. ആവശ്യപ്പെട്ടാൽ നൽകാൻ എല്ലാ ആശുപത്രികളും തയ്യാറാകണം. ഐ.സി.യുകളും വെന്റിലേറ്ററുകളും എത്രയും വേഗം പൂർണതോതിൽ സജ്ജമാക്കണം. അറ്റകുറ്റപ്പണികളുണ്ടെങ്കിൽ ഉടനെ തീർക്കണം. ഗുരുതര രോഗികൾക്കായി ഐസിയു കിടക്കകൾ കൂടുതൽ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അതിനാൽ ഐസിയു കിടക്കകൾ അനാവശ്യമായി നിറഞ്ഞ് പോകുന്നത് പരിശോധിക്കുന്നത് നന്നാകും. 108 ആംബുലൻസ്, ഐഎംഎ, സ്വകാര്യ ആബുലൻസ് എന്നിവ യോജിച്ച നിലയിൽ പ്രവർത്തിക്കാനാകണം. ഇപ്പോൾ കോവിഡ് ഇതര രോഗികൾക്കും ചികിത്സ ഉറപ്പാക്കണം. ഒരു ആശുപത്രിയും അമിതമായ ചികിത്സാ ഫീസ് ഈടാക്കരുത്. ചില ആശുപത്രികൾ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നുണ്ട്. സർക്കാർ നിശ്ചിത നിരക്ക് അംഗീകരിച്ചിട്ടുണ്ട്. അതേനിരക്ക് എല്ലാവരും സ്വീകരിക്കണം. സ്വകാര്യ ആശുപത്രികൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി എംപാനൽ ചെയ്യുന്നത് നന്നാകും. 15 ദിവസത്തിനകം കോവിഡ് ചികിത്സയ്ക്കുള്ള മുഴുവൻ ചെലവും കൈമാറുന്ന അവസ്ഥയുണ്ടാകും. ഇതുസംബന്ധിച്ച് സ്വകാര്യ ആശുപത്രികൾ ഉന്നയിച്ച പരാതികൾക്ക് ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും നടപടി സ്വീകരിക്കും. സർക്കാർ-സർക്കാരിതര വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി ആരോഗ്യ മേഖലയാകെ നീങ്ങണമെന്ന സർക്കാരിന്റെ അഭ്യർത്ഥനയോട് വളരെ അനുകൂലമായാണ് എല്ലാവരും പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ഓക്സിജന്റെ കാര്യത്തിൽ ആശങ്കയില്ല. സംസ്ഥാനത്ത് ആവശ്യത്തിന് ഓക്സിജൻ സ്റ്റോക്കുണ്ടെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!