KSDLIVENEWS

Real news for everyone

ഓക്‌സിജൻ ടാങ്കറിന് ഭിത്തി തടസ്സം;കരച്ചില്‍,പ്രാര്‍ഥന,പിന്നെ ജെസിബി;ഒടുവില്‍ രക്ഷിച്ചത് 100 ഓളം ജീവൻ

SHARE THIS ON

ന്യൂഡൽഹി: ചികിത്സയിലുള്ള രോഗികൾക്ക് നൽകിക്കൊണ്ടിരിക്കുന്ന ഓക്സിജൻ തീരാനാകുമ്പോൾ ഒരാശുപത്രിയിലെ ജീവനക്കാരും രോഗികളുടെ ബന്ധുക്കളും പരിഭ്രമത്തിലാവും. രോഗികളുടെ ജീവൻ നിലനിർത്താനുള്ള പ്രാണവായുവിനായി പരക്കം പായും. ഒടുവിലത്തെ കച്ചിത്തുരുമ്പ് തേടി പ്രാർഥനയിൽ മുഴുകും. ഇതൊക്കെ തന്നെയാണ് ഡൽഹിയിലെ സരോജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലും ശനിയാഴ്ച വൈകുന്നേരം നടന്നത്, ഒരു പക്ഷെ അതിനപ്പുറം ചില ട്വിസ്റ്റുകളും.

ആശുപത്രിയിൽ കരുതിയിരുന്ന ഓക്സിജൻ തീരാനായതോടെ ചികിത്സയിലുണ്ടായിരുന്ന നൂറോളം രോഗികളുടെ ജീവൻ നൂൽപ്പാലത്തിലായി. രോഗികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്കും പോലീസിനും നിരവധി ഫോൺവിളികൾ ആശുപത്രിയിൽ നിന്ന് പോയി. മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കൊടുവിൽ ആശുപത്രിയിലേക്ക് ആശ്വാസവുമായി ഓക്സിജൻ ടാങ്കറെത്തി. പക്ഷെ കുറച്ചു നിമിഷമേ ആ ആശ്വാസം നീണ്ടുനിന്നുള്ളൂ.

ഓക്സിജനുമായെത്തിയ ടാങ്കറിന്റെ വലിപ്പക്കൂടുതൽ കാരണം ആശുപത്രിയിലെ ഓക്സിജൻ ടാങ്ക് സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് വാഹനത്തിനെത്തിച്ചേരാൻ കഴിയുമായിരുന്നില്ല. ഓക്സിജൻ ടാങ്കിലേക്ക് നിറക്കാതെ രോഗികൾക്ക് എങ്ങനെ നൽകാനാവും എന്ന ആശങ്കയിലായതോടെ ആശുപത്രിയിൽ അടക്കിപ്പിടിച്ച തേങ്ങലുകളും പ്രാർഥനകളും പരക്കം പാച്ചിലും വീണ്ടും ഉയർന്നു. പ്രാണവായു പടിവാതിൽക്കലെത്തിയിട്ടും രോഗികളുടെ ജീവൻ നിലനിർത്തുന്നത് അസാധ്യമായി തീരുമോ എന്നുള്ള ആശങ്കയിലായി എല്ലാവരും. ഓക്സിജൻ അഭാവത്താൽ ജയ്പുരിലെ ആശുപത്രിയിൽ ഇരുപതോളം രോഗികൾ മരിച്ച വാർത്തയായിരുന്നു എല്ലാവരുടേയും ചിന്തയിൽ.

അവസാനം തീരുമാനിച്ചു; നൂറോളം ജീവനുകളാണ് മുന്നിൽ, വാഹനത്തെ ടാങ്കിനടുത്ത് എങ്ങനേയും എത്തിക്കണം.ആശുപത്രിയുടെ ഭിത്തി പൊളിക്കുക തന്നെ. കിട്ടാവുന്ന ഉപകരണങ്ങൾ കൊണ്ട് പൊളിക്കാൻ ആരംഭിച്ചു. പക്ഷെ ഭിത്തി പൊളിക്കുന്നതിന് സമയമെടുക്കും. ടാങ്കറിന് മറ്റൊരാശുപത്രിയിൽ ഓക്സിജനെത്തിക്കണം. ഭിത്തി പൊളിച്ചു കഴിയുമ്പോഴേക്കും വാഹനം എത്തിച്ചേരുമെന്ന് അധികൃതരുടെ അറിയിപ്പെത്തി. കൊണ്ടു വന്ന ഓക്സിജനുമായി വാഹനം മടങ്ങി. ടാങ്കർ മടങ്ങിയെത്തുമെന്നോ അതു വരെ 100 ജീവനുകൾ പിടിച്ചു നിർത്താനാവുമെന്നോ പ്രതീക്ഷിക്കാൻ ആർക്കും കെൽപുണ്ടായിരുന്നില്ല.

അത്രയും നേരം പിടിച്ചു നിന്ന ഡോക്ടർമാരും മറ്റ് ജീവനക്കാരും സങ്കടവും നിരാശയും കാരണം കരയാനാരംഭിച്ചതായി ആശുപത്രിയുടമ പങ്കജ് ചൗള ഓർമിച്ചു. ആശുപത്രിയിലെ ഒഴിഞ്ഞ ഓക്സിജൻ സിലിണ്ടറുകളുമായി ചില ജീവനക്കാരും പോലീസുദ്യോഗസ്ഥരും പാഞ്ഞു. സിലണ്ടറുകൾ നിറച്ച് കോർപറേഷൻ ബസിൽ തിരികെയെത്തിച്ചു. ആ സിലിണ്ടറുകൾ അടുത്ത് 40 മിനിറ്റ് നേരത്തേക്കുള്ള ശ്വാസം പകർന്നു. ആ സിലിണ്ടറുകളാണ് ആ ദിവസത്തെ യഥാർഥത്തിൽ രക്ഷിച്ചതെന്ന് ചൗള പറയുന്നു.

കോർപറേഷൻ മേയറുമായും അഗ്നിരക്ഷാസേനയുമായും ബന്ധപ്പെടുകയായിരുന്നു അടുത്ത പടി. പിന്നാലെ ജെസിബി എത്തി. ഭിത്തി പൊളിച്ചു മാറ്റി. തീരഥ് റാം ഷാ ആശുപത്രിയിൽ ഓക്സിജൻ നൽകിയ ശേഷം ടാങ്കറിനെ പോലീസ് തിരികെയെത്തിച്ചു. ടാങ്കിൽ ഓക്സിജൻ നിറച്ചു നൽകി. ഒരു പക്ഷെ ഓക്സിജൻ എത്തിയില്ലായിരുന്നുവെങ്കിൽ വലിയൊരു ദുരന്തം നേരിടേണ്ടി വരുമായിരുന്നുവെന്ന് ചൗള പറഞ്ഞു.

ഓക്സിജൻ തീരുമെന്ന കാര്യം രോഗികളുടെ ബന്ധുക്കളെ മുൻകൂട്ടി അറിയിക്കുകയും അവരെ മറ്റെവിടേക്കെങ്കിലും മാറ്റാൻ നിർദേശിക്കുകയും ചെയ്തതായി ചൗള വ്യക്തമാക്കി. 34 രോഗികൾക്ക് ഡിസ്ചാർജ് നൽകി. എവിടെ പോയാലും ഇതേ സാഹചര്യം ആയിരിക്കുമെന്നും എന്തായാലും തങ്ങളത് അഭിമുഖീകരിക്കാൻ തയ്യാറാണെന്നും പറഞ്ഞ് ബാക്കി രോഗികളുടെ ബന്ധുക്കൾ ആശുപത്രിയിൽ തന്നെ തുടരാൻ തീരുമാനിച്ചതായി ചൗള പറഞ്ഞു. ടാങ്കറിന്റെ വരവിലും ഭിത്തി പൊളിക്കുന്നതിലുമെല്ലാം അവർ കട്ടയ്ക്ക് കൂടെ നിന്നത് ആശ്വാസവും ആത്മവിശ്വാസവും പകർന്നതായി അദ്ദേഹം നന്ദിയോടെ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!