KSDLIVENEWS

Real news for everyone

ഓക്‌സിജന്‍ എത്തിച്ചവകയില്‍ ലഭിക്കാനുള്ള 85 ലക്ഷം വേണ്ട; റംസാനിലെ സക്കാത്തെന്ന് പ്യാരേ ഖാന്‍

SHARE THIS ON

നാഗ്പുർ: സർക്കാർ ആശുപത്രികളിൽ ഓക്സിജൻ എത്തിച്ചവകയിൽ ലഭിക്കാനുള്ള ലക്ഷങ്ങൾ വേണ്ടെന്ന് വെച്ച് പ്രമുഖ വ്യവസായി പ്യാരേ ഖാൻ. ഇത് തന്റെ റംസാൻ മാസത്തിലെ സക്കാത്താണെന്നും സർക്കാരിൽനിന്ന് പണം സ്വീകരിക്കില്ലെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഒരാഴ്ചയ്ക്കുള്ളിൽ നാഗ്പുരിലും സമീപപ്രദേശങ്ങളിലുമുള്ള സർക്കാർ ആശുപത്രികളിൽ 400 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ എത്തിക്കാൻ 85 ലക്ഷം രൂപയാണ് പ്യാരേ ഖാന് ചിലവായത്. ഈ പണം നൽകാമെന്ന് സർക്കാർ അധികൃതർ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും അത് വാങ്ങേണ്ടെന്നാണ് പ്യാരേ ഖാന്റെ തീരുമാനം. മനുഷ്യർക്കുളള സേവനമായി ഇതിനെ പരിഗണിക്കണമെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാവിഭാഗങ്ങളിലുള്ളവർക്കും ഓക്സിജൻ എത്തിക്കുന്നതിലൂടെ സമൂഹത്തെ സേവിക്കാൻ തനിക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ ബ്രസൽസിൽനിന്ന് ഓക്സിജൻ ടാങ്കറുകൾ എയർലിഫ്റ്റിങ് വഴി എത്തിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അത്യാവശ്യമായി ബെംഗളൂരുവിൽനിന്ന് രണ്ട് ക്രയോജനിക് ഗ്യാസ് ടാങ്കറുകൾ ആവശ്യമായപ്പോൾ മൂന്നിരട്ടി പണം നൽകിയാണ് പ്യാരേ ഖാൻ ഇത് എത്തിച്ചത്. മാത്രമല്ല, ഓക്സിജൻ ടാങ്കറുകൾക്ക് പലരും ഇരട്ടിവില ചോദിച്ചപ്പോൾ വിലപേശാൻ നിൽക്കാതെ എല്ലായിടത്തും എത്തിച്ചുനൽകുകയും ചെയ്തു. നിലവിൽ നാഗ്പുർ ജില്ലാ ഭരണകൂടവുമായി ചേർന്നാണ് പ്യാരേ ഖാൻ ഓക്സിജൻ വിതരണപ്രവർത്തനങ്ങൾ നടത്തുന്നത്. ഇതുവരെ വിവിധ ആശുപത്രികൾക്കായി 500-ലേറെ ഓക്സിജൻ സിലിണ്ടറുകൾ തങ്ങൾ നൽകിയതായും 360 സിലിണ്ടറുകൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വഴി ലഭ്യമാക്കിയിട്ടുണ്ടെന്നും പ്യാരേ ഖാൻ പറഞ്ഞു.

‘ടാങ്കറുകൾ ലഭ്യമാക്കുക എന്നതാണ് നിലവിലെ ഏറ്റവും വലിയ വെല്ലുവിളി. വിവിധയിടങ്ങളിൽനിന്ന് ഞാൻ ടാങ്കറുകൾ സംഘടിപ്പിക്കുന്നുണ്ട്. നാഗ്പുരിലേക്കും സമീപപ്രദേശങ്ങളിലേക്കുമാണ് ഓക്സിജൻ ആവശ്യമായുള്ളത്. ലഭ്യമായ ടാങ്കറുകളെല്ലാം ഓക്സിജൻ നിറയ്ക്കാനായി റായ്പുരിലേക്കും റൂർക്കേലയിലേക്കും ഭിലായിലേക്കും അയച്ചുകൊണ്ടിരിക്കുകയാണ്’ – അദ്ദേഹം പറഞ്ഞു.

ആഷ്മി റോഡ് കാരിയേഴ്സ് എന്ന ട്രാൻസ്പോർട്ട് കമ്പനിയുടെ ഉടമയാണ് നാഗ്പുർ സ്വദേശിയായ പ്യാരേ ഖാൻ. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നിവിടങ്ങളിലായി രണ്ടായിരത്തോളം ട്രക്കുകളുടെ ശൃംഖലയാണ് കമ്പനിക്കുള്ളത്. 1200-ഓളം പേർ ജീവനക്കാരായുമുണ്ട്. താജ്ബാഗിലെ ചേരിയിൽ ജനിച്ചുവളർന്ന പ്യാരേ ഖാന് ആദ്യം ഓറഞ്ച് വിൽപ്പനയായിരുന്നു ജോലി. നാഗ്പുർ റെയിൽവേ സ്റ്റേഷന് മുന്നിൽ ഓറഞ്ച് വിറ്റിരുന്ന ചെറുപ്പക്കാരനാണ് പിന്നീട് 400 കോടി ആസ്തിയുള്ള കമ്പനി പടുത്തുയർത്തിയത്. ഐഐഎം അഹമ്മദാബാദിൽ ഉൾപ്പെടെ പ്യാരേ ഖാന്റെ ജീവിതം കേസ് സ്റ്റഡിയായി വിദ്യാർഥികൾക്ക് വേണ്ടി അവതരിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!