മഞ്ചേശ്വരത്ത് പിണറായിക്കും അഷ്റഫിനും അഭിവാദ്യമുയർത്തി ബോർഡ്; വിവാദം…

ഹൊസങ്കടി∙ സിപിഎം വോട്ട് യുഡിഎഫിനു നൽകിയെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ആരോപണത്തിനിടെ മഞ്ചേശ്വരത്ത് പിണറായി വിജയന്റെയും നിയുക്ത എംഎൽഎ എ.കെ.എം.അഷ്റഫിന്റെയും ഫോട്ടോ പതിച്ച ഫെക്ല്സ് ബോർഡ് ഉയർന്നു. ദി റീയൽ ഹീറോ ഓഫ് കേരള ആൻഡ് മഞ്ചേശ്വരം എന്നെഴുതിയ വാചകത്തിന്റെ താഴെയാണു പിണറായി വിജയനും എ.കെ.എം.അഷ്റഫും കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്ന കൂറ്റൻ ബോർഡാണ് ഹൊസങ്കടിയിൽ ഉയർത്തിയിട്ടുള്ളത്. യുവാക്കളായ 5 പേരുടെ ഫോട്ടോയും ഇതിനോടൊപ്പമുണ്ട്.മഞ്ചേശ്വരത്ത് സിപിഎമ്മും മുസ്ലിംലീഗും വോട്ട് കച്ചവടം നടത്തിയെന്ന ബിജെപിയുടെ ആരോപണത്തിനു പിന്നാലെ പ്രത്യക്ഷപ്പെട്ട ബോർഡ് ജില്ലയിലാകെ ചർച്ചയായിട്ടുണ്ട്. മഞ്ചേശ്വരത്ത് എ.കെ.എം.അഷ്റഫിന്റെ ജയവും സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മുന്നണിയുടെയും ജയവും ആഗ്രഹിച്ചവർ ഒരുക്കിയ ബോർഡാണ് അതെന്നും അതിൽ മറ്റൊരു രാഷ്ട്രീയം ഒന്നുമില്ലെന്നും മുസ്ലിംലീഗ് നേതാവ് പറഞ്ഞു. മുസ്ലിംലീഗിന്റെയും സിപിഎമ്മിന്റെയും വോട്ട് കച്ചവടത്തിന്റെ തെളിവാണ് ബോർഡെന്ന് തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ജില്ലയിൽ ആദ്യമായി എത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദൻ ആരോപിച്ചു

