പോലീസിന്റെ സൈബർ സെല്ലിനെ ആശ്രയിക്കണ്ട; ഇനി എക്സൈസിനു ജില്ലയിൽ സ്വന്തമായി സൈബർ വിങ്

കാസർകോട് ∙ എക്സൈസ് വകുപ്പിൽ ജില്ലകൾ തോറും സൈബർ സെൽ പ്രവർത്തനത്തിനു നടപടികൾ തുടങ്ങി. കാസർകോട് ജില്ലയിൽ പ്രവർത്തനത്തിനു ഇതിൽ വിദഗ്ധ പരിശീലനം നേടിയ 2 എക്സൈസ് സിവിൽ ഓഫിസർമാരെ നിയോഗിച്ചു. കംപ്യൂട്ടർ,ഫോൺ ഉൾപ്പെടെ വിവിധ സാമഗ്രികൾ ഉടനെ ഈ സംഘത്തിനു ലഭ്യമാവും. ഒപ്പം ഐടി മേഖലയിൽ ഐടി മേഖലയിൽ വൈദഗ്ധ്യം നേടിയ കൂടുതൽ ജീവനക്കാരെ കൂടി നിയമിക്കാനുമുണ്ട്.
സ്വയം മീറ്റർ റീഡിങ് എടുക്കാം; ബിൽ അടയ്ക്കാം; സെൽഫ് റീഡിങ് ഇങ്ങനെ…
എക്സൈസ് വകുപ്പിൽ കേസുകൾ പിടികൂടുന്നതിനും പ്രതികളെ കണ്ടെത്തുന്നതിനും തുടരന്വേഷണം നടത്തുന്നതിനും പൊലീസിന്റെ സൈബർ സെൽ സേവനമാണ് ഇപ്പോൾ ഉപയോഗപ്പെടുത്തുന്നത്. സ്വതന്ത്രമായ സൈബർ വിങ് നിലവിൽ വരുന്നതോടെ എക്സൈസ് വകുപ്പിനു കേസന്വേഷണത്തിലും പ്രതികളെ പിടി കൂടുന്നതിലും ഇതു വലിയ സഹായമാകും. ലോക്ഡൗണിലും കർണാടകയിൽ നിന്നു വൻതോതിൽ മദ്യവും സ്പിരിറ്റും കേരളത്തിൽ എത്തുന്നുണ്ട്. കോവിഡ് മറയാക്കി ഉദ്യോഗസ്ഥ സംഘത്തെ കൂസാതെയാണ് മദ്യക്കടത്ത്. ജില്ലയിൽ വ്യാജവാറ്റും വ്യാപകമാണ്.
കർണാടക മദ്യം വാഹനങ്ങളിൽ കണ്ണൂർ ജില്ലയിലേക്കു വരെ കടത്തിക്കൊണ്ടു പോകുന്നുണ്ട്. ജില്ലയിൽ മൊബൈൽ പട്രോളിങ് ചെക്പോസ്റ്റ് ഇല്ലാത്ത പ്രദേശങ്ങളിൽ മദ്യക്കടത്ത് പിടികൂടാൻ 3 മൊബൈൽ പട്രോളിങ് യൂണിറ്റ് ലഭ്യമാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മഞ്ചേശ്വരം -ആനക്കല്ല്, ബന്തടുക്ക, ഈശ്വരമംഗലം, സുള്ള്യ ,പാണത്തൂർ ഭാഗങ്ങളിൽ നിന്നുള്ള മദ്യക്കടത്ത് പിടി കൂടുന്നതിനാണ് ഇത്. മഞ്ചേശ്വരം, വെള്ളരിക്കുണ്ട്, തൃക്കരിപ്പുർ കേന്ദ്രങ്ങളായി എക്സൈസ് റേഞ്ച് ഓഫിസുകൾ അനുവദിക്കണമെന്നു നേരത്തെ ആവശ്യപ്പെട്ടിരുന്നു.
‘സേവനം വാതിൽപ്പടിയിൽ’; ഇനി ഓഫിസുകൾ കയറിയിറങ്ങേണ്ട, ഫോൺ കോളിൽ കെഎസ്ഇബി ജീവനക്കാർ വീട്ടിലെത്തും
തീരപ്രദേശം വഴി മദ്യവും ലഹരിമരുന്നും കടത്തുന്നതായി വ്യാപകമായ പരാതികളുണ്ട്. മദ്യക്കടത്ത് പിടികൂടാൻ രാത്രിയിലും പകലുമായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ വിനോദ് ബി നായർ പറഞ്ഞു. ലോക്ഡൗണിൽ രോഗികൾക്കു ആവശ്യമായ മരുന്ന് എത്തിക്കാനും വിദൂരങ്ങളിലുള്ളവർക്കു വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്താനും എക്സൈസ് വകുപ്പിന്റെ സന്നദ്ധ സേവനം തുടരുന്നുണ്ട്.ജില്ലയിൽ നിന്ന് ഈ മാസം 11 വരെ 49 കേസുകളിലായി 1585 ലീറ്റർ കർണാടക മദ്യമാണ് എക്സൈസ് പിടികൂടിയത്.
ഭൂരിഭാഗവും കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ നിന്നാണ്. വാഷ് 380 ലീറ്റർ, ചാരായം 9 ലീറ്റർ, കഞ്ചാവ് 80 ഗ്രാം, പുകയില ഉൽപന്നങ്ങൾ 16 കിലോഗ്രാം തുടങ്ങിയവയാണ് മറ്റിനങ്ങൾ. 11 വാഹനങ്ങളും കണ്ടെടുത്തു. കാർ 1, ജീപ്പ് 2, ഓട്ടോറിക്ഷ 6, ടൂ വീലർ 2 എന്നിവയാണ് ഇവ. ഏപ്രിൽ 30നു കാഞ്ഞങ്ങാട് നിന്നു 180 ലീറ്റർ സ്പിരിറ്റ് കണ്ടെടുത്തിരുന്നു. ചാരായം, വാഷ് തുടങ്ങിയവ ഹൊസ്ദുർഗ് ,വെള്ളരിക്കുണ്ട് താലൂക്കുകളിൽ നിന്നാണ് പിടികൂടിയത്

