KSDLIVENEWS

Real news for everyone

ദേശീയപാത ആറുവരിപ്പാതയാക്കൽ: കൊല്ലത്തെ രണ്ടു റീച്ചുകൾക്ക് 5,539 കോടിയുടെ അനുമതി

SHARE THIS ON

കൊല്ലം :ദേശീയപാത-66 ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി രണ്ടു റീച്ചുകൾക്ക് കേന്ദ്രസർക്കാർ 5,539 കോടി രൂപയുടെ അനുമതിനൽകി. കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിൻ ഗഡ്കരി ട്വിറ്ററിൽ കുറിച്ചതാണ് ഇക്കാര്യം. കടമ്പാട്ടുകോണംമുതൽ കൊല്ലം ബൈപ്പാസ് വരെയുള്ള ഭാഗത്തിന് 2,704.64 കോടി രൂപയാണ് അംഗീകരിച്ചത്. കൊല്ലം ബൈപ്പാസിൽനിന്നു കായംകുളം കൊറ്റുകുളങ്ങരവരെയുള്ള റീച്ചിന് 2,835.24 കോടിരൂപയും അംഗീകരിച്ചു. രാജ്യത്തെ ദേശീയപാതകൾ പരസ്പരം ബന്ധിപ്പിക്കുന്ന ഭാരതമാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം. കേരളത്തിൽ ലോകനിലവാരമുള്ള ദേശീയപാത നിർമാണം, സങ്കല്പത്തിൽനിന്നു നിർവഹണത്തിലേക്ക് എത്തുകയാണെന്നാണ് നിതിൻ ഗഡ്കരി ട്വിറ്ററിൽ കുറിച്ചത്. രണ്ടുമാസത്തിനകം നിർമാണനടപടികൾക്ക് തുടക്കംകുറിക്കുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു. ആലപ്പുഴ കൊറ്റുകുളങ്ങരമുതൽ പാരിപ്പള്ളി കടമ്പാട്ടുകോണംവരെ രണ്ടു റീച്ചായി പാത നിർമിക്കുന്നതിന് 2468 കോടിയുടെ പദ്ധതിക്കാണ് കഴിഞ്ഞ ഡിസംബറിൽ ടെൻഡർ ക്ഷണിച്ചത്. രണ്ടുവർഷം മുൻപാണ് ആറുവരിപ്പാതയ്ക്കുള്ള നടപടികൾ ആരംഭിച്ചത്. പാത വികസനത്തിന് ഏറ്റെടുത്ത ഭൂമിയുടെ വിലനിർണയ നടപടികൾ പൂർത്തീകരിക്കുന്നതിനുമുൻപാണ് ടെൻഡർ വിളിച്ചത്. 64 ഹെക്ടർ സ്ഥലമാണ് ആകെ ഏറ്റെടുക്കുന്നത്. ഇതിൽ 30 ഹെക്ടറിന്റെ നടപടിയായിക്കഴിഞ്ഞു. ഓഗസ്റ്റോടുകൂടി സ്ഥലമെടുപ്പ് പൂർത്തിയാകും. തുടർന്ന് ആളുകൾക്ക് തുക കൊടുത്തുതുടങ്ങും. അതിനുശേഷം കരാറുകാരന് ഭൂമി കൈമാറി കെട്ടിടങ്ങളും മറ്റും നിരത്തി വീതികൂട്ടുന്ന നടപടികൾ ആരംഭിക്കും. കൊറ്റുകുളങ്ങരമുതൽ കൊല്ലം ബൈപ്പാസിന്റെ കാവനാട് ആൽത്തറമൂടുവരെയുള്ള റീച്ചിന് 1185.27 കോടി രൂപ അടങ്കൽത്തുക െവച്ചാണ് ടെൻഡർ ക്ഷണിച്ചിരുന്നത്. കാവനാട്-കടമ്പാട്ടുകോണം റീച്ചിന് 1282.88 കോടി രൂപയും അടങ്കൽത്തുക നിശ്ചയിച്ചിരുന്നു. ജനുവരിയിലായിരുന്ന ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി. തുറവൂർമുതൽ കഴക്കൂട്ടംവരെ 173 കിലോമീറ്ററാണ് ദേശീയപാത-66 വികസനം നടക്കുന്നത്. ദേശീയപാത ആറുവരിയായി മാറുമ്പോൾ നിലവിലുള്ള പാലങ്ങൾക്ക് സമാന്തരമായി പുതിയപാലങ്ങളും നിർമിക്കും. ആകെ 45 മീറ്ററിലാണ് ദേശീയപാത. 29 മീറ്ററിലാണ് ആറുവരിപ്പാതയുടെ ടാറിങ് നടത്തുക 7.5 മീറ്റർ ഇരുവശവും സർവീസ് റോഡ് ഉണ്ടാകും. നിർമാണം പൂർത്തിയാക്കാൻ ചുരുങ്ങിയത് രണ്ടുവർഷമെങ്കിലും വേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!