KSDLIVENEWS

Real news for everyone

ഫോൺ ഇൻ പരിപാടിയിലെ പരാതി മന്ത്രി കേട്ടു; പുത്തിഗെയിലെ പാലത്തിന്റെ റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

SHARE THIS ON

പുത്തിഗെ∙ ഫോൺ ഇൻ പരിപാടിയിലെ പരാതി മന്ത്രി കേട്ടു. മരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പുത്തിഗെയിലെ പാലം ഉയർത്തണമെന്ന ആവശ്യം ശക്തമായിരുന്നു. പുത്തിഗെ ക്ഷേത്ര പരിസരത്തെ മുണ്ട്യത്തടുക്ക റോഡിലെ 6 മീറ്റർ നീളമുള്ള പാലം റോഡിനേക്കാൾ ഉയരം കുറഞ്ഞതിനാൽ പുഴ കരകവിഞ്ഞൊഴുകി പാലത്തിൽ വെള്ളം കെട്ടി നിൽക്കുന്നു. ഈ ആവശ്യം ഉന്നയിച്ച് പള്ളത്തെ കെ.എ.സന്തോഷ് കുമാർ മരാമത്ത് മന്ത്രി പി.എം.മുഹമ്മദ് റിയാസിനോട് ഫോൺ ഇൻ പരിപാടിയിൽ പരാതി പറഞ്ഞിരുന്നു. ശക്തമായ മഴയിൽ പാലത്തിൽ വെള്ളം കയറുന്നതിനാൽ പ്രദേശത്തേക്കുള്ള ബസുകളും ഓടാത്ത സ്ഥിതിയായിരുന്നു.യാത്ര ക്ലേശത്തിനെതിരെ പരാതി വ്യാപകമായിരുന്നു. ഇത് പ്രകാരമാണ് മന്ത്രിക്ക് റിപ്പോർട്ട് നൽകുന്നതിനു കാസർകോട് ബ്രിജ് സെക്‌ഷൻ ഓഫിസ് ഓവർസീയർ എൻ.കെ.സേതുമാധവൻ, പഞ്ചായത്ത് പ്രസിഡന്റ് ഡി.സുബ്ബണ്ണ ആൾവ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.എച്ച്.മജീദ് ,ഇ.കെ.സന്തോഷ്കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചത്. 10 മീറ്ററിനു മുകളിലുള്ള പാലമാണ് മരാമത്ത് വകുപ്പ് ബ്രിജസ് വിഭാഗം ചെയ്യുന്നത്. ഇത് 6 മീറ്റർ നീളമുള്ള പഴക്കമുള്ള പാലമാണ്. ബ്രിജസ് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കി പാലം ഡിസൈൻ ചെയ്തതിനു ശേഷമാണ് നിർമിക്കുന്നത്. മന്ത്രി ഇതിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടതിനാലാണ് ഇവർ സ്ഥലം സന്ദർശിച്ചത്. നിലവിൽ ഇത് വഴിയുള്ള 10 കിലോമീറ്റർ റോഡ് 11.6 കോടി രൂപ ചെലവിൽ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി മെക്കാഡം ചെയ്യുന്ന പണി നടക്കുന്നുണ്ട്. ഇതിനിടിയിൽ പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തി എസ്റ്റിമേറ്റ് തയാറാക്കി പാലം ഡിസൈൻ ചെയ്ത് ഭരണാനുമതിയും സാങ്കേതിക അനുമതിയുമായി ടെൻഡർ ചെയ്ത് പണി നടക്കുമോ എന്ന കാര്യം സംശയമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!