യു.പി. തദ്ദേശതിരഞ്ഞെടുപ്പിൽ ബി.ജെ.പി. വൻ ജയത്തിലേക്ക്

ലഖ്നൗ:അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിക്ക് (എസ്.പി.) കനത്ത തിരിച്ചടിനൽകി ഉത്തർപ്രദേശിലെ തദ്ദേശതിരഞ്ഞെടുപ്പിൽ ബി.ജെ.പി. വൻവിജയത്തിലേക്ക്. ജില്ലാ പഞ്ചായത്ത് ചെയർമാൻ തിരഞ്ഞെടുപ്പിൽ 75 സീറ്റിൽ 60-ലും ബി.ജെ.പി. വിജയമുറപ്പാക്കി. ആറ് സീറ്റിൽ മാത്രമേ എസ്.പി. മുന്നിലുള്ളൂ. പൂർണഫലം ഞായറാഴ്ചയേ അറിവാകൂ.
25 സീറ്റിൽ ബി.ജെ.പി.യുടെയും ഒരിടത്ത് എസ്.പി.യുടെയും സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 2016-ലെ തദ്ദേശതിരഞ്ഞെടുപ്പിൽ 75-ൽ അറുപതിലും ജയിച്ചത് എസ്.പി.യായിരുന്നു. ബി.ജെ.പി. 67 സീറ്റ് നേടുമെന്നും അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ജയിക്കുമെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്രദേവ് സിങ് പറഞ്ഞു.

