ദുരിതം പെയ്തിറങ്ങി മഹാരാഷ്ട്ര; 6 ജില്ലകളില്‍ റെഡ് അലേര്‍ട്ട്
മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസങ്ങളായി പെയ്തു കൊണ്ടിരിക്കുന്ന കനത്ത മഴയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ചത് കൊങ്കണ്‍ മേഖലയിലാണ്.വിവിധ ഇടങ്ങളിലായി നടന്ന മണ്ണിടിച്ചിലില്‍ 138 പേര്‍ക്ക് ജീവന് നഷ്ടമായി .
നിരവധി പേരെ കാണാതായി. ഏകദേശം ഒരു ലക്ഷത്തോളം പേരാണ് വീടും ചുറ്റുപാടുകളും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്ബുകളില്‍ അഭയം തേടിയിരിക്കുന്നത്.
അടുത്ത ദിവസങ്ങളില്‍ മഹാരാഷ്ട്രയില്‍ കനത്ത മഴയുണ്ടാകുമെന്നാണ് അധികൃതര്‍ പ്രവചിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ചിപ്ലുണ്‍ കഴിഞ്ഞ രണ്ട് ദിവസമായി വെള്ളത്തിലായിരുന്നു. ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പോലും കഴിയാതെ വലഞ്ഞു .
വൈദ്യുതിയില്ലാത്തതിനാല്‍ ഫോണുകളും നിശ്ചലമായത് ജനജീവിതം ദുസ്സഹമാക്കി. ചെളിവെള്ളം കയറി വീടുകളും കടകളും ദുരിത മുഖമായി.നിരവധി വസ്തുക്കള്‍ നശിച്ചു.
പലരും പട്ടിണിയിലായി.മലയാളികള്‍ അടക്കം ആയിരക്കണക്കിന് പ്രദേശവാസികളാണ് ചിപ്ലുണ്‍ വെള്ളത്തിനടിയിലായതോടെ ദുരിതത്തിലായത്. റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ പലതും ഒഴുക്കില്‍ പെട്ടു .
ചിപ്ലുണില്‍ മഴയ്ക്ക് അല്‍പ്പം ശമനമുണ്ടായെങ്കിലും കോലാപ്പൂര്‍, സത്താറ പ്രദേശങ്ങളില്‍ മഴ തുടരുകയാണ്.ഇതിനകം കൊല്ഹാപൂര് സാംഗ്ലി തുടങ്ങിയ ദുരിതബാധിത പ്രദേശങ്ങളില്‍ നിന്നായി 89,333 പേരെയാണ് ഒഴിപ്പിച്ചത്.
ഇതുവഴി കടന്നുപോകുന്ന മുംബൈ-ബെംഗളൂരു ദേശീയപാത അടച്ചു.മുംബൈ- ഗോവ പാതയും അടച്ചതോടെ മുംബൈയില്‍നിന്ന് ദക്ഷിണേന്ത്യയിലേക്ക് റോഡുമാര്ഗങ്ങളെല്ലാം അടഞ്ഞു. കൊങ്കണ്‍ റെയില്‍ ഗതാഗതവും താറുമാറായി. പഞ്ചഗംഗാ നദി കരകവിഞ്ഞൊഴുകുകയാണ്. രാധാനഗരി ഡാം തുറന്നാല്‍ അവസ്ഥ ഇതിലും മോശമാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
മോശം കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് ചില പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഹെലികോപ്റ്ററുകള്‍ വഴി പോലും എത്തിച്ചേരാന്‍ ബുദ്ധിമുട്ടായത് ദുരിതം ഇരട്ടിച്ചു.

