വന്‍ ആയുധ ശേഖരം, ഹെലികോപ്ടര്‍.. താലിബാന് കൈവശപ്പെടുത്തിയവയില്‍ ആയുധങ്ങളും ബയോമെട്രിക്സ് ഉപകരണവും

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭരണത്തിലേറാൻ ഒരുങ്ങുകയാണ് താലിബാൻ. രാജ്യത്ത് നിന്ന് യുഎസ് സേനാ പിന്മാറ്റം പൂർണമാവാൻ രണ്ടാഴ്ചയോളം ബാക്കിയുള്ളപ്പോഴാണ് താലിബാൻ കാബൂൾ അടക്കമുള്ള നിർണായക മേഖലകളുടെ നിയന്ത്രണം കൈക്കലാക്കിയത്. പ്രവിശ്യകൾ കീഴടക്കുന്നതിനിടെ അഫ്ഗാൻ സേനയുടെ വിലപ്പെട്ട ഏതാനും ആയുധങ്ങളും താലിബാൻ കൈക്കലാക്കിയിട്ടുണ്ട്. യുഎസ് സേനയുടെ ബയോമെട്രിക് ഉപകരണം ആണ് ഇതിൽ പ്രധാനം. എച്ച്.ഐ.ഐ.ഡി.ഇ എന്നറിയപ്പെടുന്ന ഈ ഉപകരണം അഫ്ഗാൻ സഖ്യസേനയെ സഹായിച്ച അഫ്ഗാനികളെ തിരിച്ചറിയാനായായിരുന്നു ഉപയോഗിച്ചത്. കഴിഞ്ഞയാഴ്ച കാണ്ഡഹാറിലും കാബൂളിലുമടക്കം മുന്നേറ്റം നടത്തുന്നതിനിടെ താലിബാൻ ബയോമെട്രിക് ഉപകരണം തട്ടിയെടുത്തതായി ഇന്റർസെപ്റ്റ് റിപ്പോർട്ട് ചെയ്തു. ആളുകളുടെ ഐറിസ് സ്കാൻ, വിരലടയാളം ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങളുടെ വിശദാംശങ്ങളാണ് ഈ ഡിവൈസിലുള്ളത്. വടക്കൻ നഗരമായ മസാർ-ഇ-ശെരീഫ് പിടിച്ചെടുക്കുന്നതിനിടെ താലിബാൻ നേതാവ് ജനറൽ അബ്ദുൾ റാഷിദ് ദോസ്തിന്റെ കൊട്ടാരത്തിൽ കടന്നു കയറി. കൊട്ടാരത്തിൽ കയറി ആഡംബര ഇരിപ്പടങ്ങളിൽ ഇരിക്കുന്നതും സ്വർണ കോപ്പകളിൽ വെള്ളം കുടിക്കുന്നതായി അഭിനയിക്കുന്നതിന്റേയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. അഫ്ഗാന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷയ്ക്കായി നിലയുറപ്പിച്ച അഫ്ഗാൻ സുരക്ഷാസൈനികർ താലിബാന് മുന്നിൽ കീഴടങ്ങുന്നതിന്റേയും ഇവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചടക്കുന്നതിന്റേയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അഫ്ഗാന്റെ സംരക്ഷണത്തിന് ഇനി ആയുധങ്ങൾ ആവശ്യമില്ലെന്നാണ് ആയുധങ്ങൾ കൈവശപ്പെടുത്തിക്കൊണ്ട് താലിബാൻ പറഞ്ഞതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. കാണ്ഡഹാർ വിമാനത്താവളത്തിൽ നിന്ന് യുഎസ് നിർമിത അഫ്ഗാൻ സൈനിക വിമാനം താലിബാൻ തട്ടിയെടുത്തതായി എഎഫ്പി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

