യുഎസ് ദൗത്യം തടസ്സപ്പെടുത്തിയാൽ ശക്തമായ തിരിച്ചടി: ബൈഡന്റെ മുന്നറിയിപ്പ്

വാഷിങ്ടൻ∙ ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒഴിപ്പിക്കൽ ദൗത്യമാണ് അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തുന്നതെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ഒറ്റ അമേരിക്കൻ പൗരൻ പോലും അഫ്ഗാൻ മണ്ണിൽ ശേഷികുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതാകും രക്ഷാദൗത്യമെന്ന് ബൈഡൻ വ്യക്തമാക്കി. താലിബാൻ നിയന്ത്രണം പിടിച്ചെടുത്ത കാബൂൾ നഗരത്തിൽനിന്ന് യുഎസ് പൗരൻമാരെയും വിദേശികളെയും അഫ്ഗാൻ സഖ്യകക്ഷികളെയും വ്യോമമാർഗം പുറത്തെത്തിക്കാൻ നടക്കുന്ന ശ്രമം അതീവ ദുഷ്കരവും അപകടകരവുമാണെന്ന് ബൈഡൻ അറിയിച്ചു. WORLD ‘എല്ലാവരും കയ്യൊഴിഞ്ഞു’; ജോലിയും കൂലിയുമില്ലാതെ നട്ടംതിരിഞ്ഞ് അഫ്ഗാൻ ജനത അതേസമയം, കാബൂൾ വിമാനത്താവളം ഇപ്പോഴും യുഎസ് സൈന്യത്തിന്റെ സമ്പൂർണ നിയന്ത്രണത്തിലാണെന്നും ബൈഡൻ പ്രഖ്യാപിച്ചു. കാബൂൾ വിമാനത്താവളം കേന്ദ്രീകരിച്ച് യുഎസ് നടത്തുന്ന രക്ഷാദൗത്യം തടസ്സപ്പെടുത്തിയാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ബൈഡൻ താലിബാന് മുന്നറിയിപ്പു നൽകി. യുഎസ് സൈനികരെ ആക്രമിക്കുകയോ രക്ഷാദൗത്യം തടസ്സപ്പെടുത്തുകയോ ചെയ്താൽ തക്ക തിരിച്ചടി നൽകുമെന്നാണ് മുന്നറിയിപ്പ്. അഫ്ഗാനിസ്ഥാനിൽ യുഎസിന്റെ കണക്കുകൂട്ടലുകൾ പിഴച്ചെന്ന വാദം ശക്തമായി ഉയരുന്നതിനിടെയാണ് വൈറ്റ്ഹൗസിൽനിന്നും പ്രസിഡന്റ് ബൈഡന്റെ പ്രതികരണമെത്തുന്നത്. താലിബാൻ കാബൂൾ നഗരത്തിന്റെ നിയന്ത്രണം പിടിച്ചശേഷം ഇതു രണ്ടാം തവണയാണ് ബൈഡൻ വൈറ്റ്ഹൗസിൽനിന്ന് പരസ്യ പ്രസ്താവന നടത്തുന്നത്. 20 മിനിറ്റോളം നീണ്ടുനിന്ന വൈറ്റ്ഹൗസ് പ്രസ് കോൺഫറൻസിൽ വൈസ് പ്രസിഡന്റ് കമല ഹാരിസ്, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ എന്നിവരും ബൈഡനൊപ്പം പങ്കെടുത്തു. ചരിത്രത്തിലെ ഏറ്റവും വലുതും ബുദ്ധിമുട്ടേറിയതുമായ രക്ഷാദൗത്യമാണ് അഫ്ഗാനിസ്ഥാനിൽ നടന്നുവരുന്നതെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി. ഇതിന്റെ അന്തിമ ഫലം എന്തായിരിക്കുമെന്ന് ഇപ്പോഴും യാതൊരു ധാരണയുമില്ലെന്നും ബൈഡൻ പറഞ്ഞു. വിമാനത്താവളത്തിലേക്കു വരുന്ന ആളുകളെ താലിബാൻ തടയുന്നെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു. വിമാനത്താവളത്തിലേക്കു വരുന്ന യുഎസ് പൗരൻമാരെ തടഞ്ഞ ഒരു സംഭവം പോലും ശ്രദ്ധയിൽപെട്ടിട്ടില്ല. അപ്രതീക്ഷിത പ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ, കാബൂൾ വിമാനത്താവളത്തിനു പുറത്തേക്ക് യുഎസ് സൈനിക ഇടപെടൽ വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ബൈഡൻ പറഞ്ഞു. INDIA ‘നവവരനായ രൂപനെ അവർ കുത്തിക്കൊന്ന് പുറത്തേക്ക് എറിഞ്ഞു’; കാബൂൾ ഓർമിപ്പിക്കുന്നത് കാണ്ഡഹാർ’ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏതാണ്ട് 13,000 പേരെ യുഎസ് സൈനിക വിമാനങ്ങളിൽ അഫ്ഗാനിസ്ഥാനിൽനിന്ന് പുറത്തെത്തിച്ചതായാണ് വൈറ്റ്ഹൗസ് നൽകുന്ന വിവരം. കാബൂൾ കേന്ദ്രീകരിച്ച് നടക്കുന്ന വ്യോമമാർഗമുള്ള ഒഴിപ്പിക്കൽ ദൗത്യം ഇപ്പോഴും തുടരുകയാണ്. കാബൂളിൽനിന്ന് ആളുകളുമായി എത്തുന്ന ഖത്തറിലെ വ്യോമ താവളത്തിൽ തിരക്ക് വർധിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രക്ഷാദൗത്യം ഒരു മണിക്കൂറോളം നിർത്തിവച്ചിരുന്നു. 20 വർഷത്തെ യുദ്ധത്തിനൊടുവിൽ എത്ര യുഎസ് പൗരൻമാരാണ് നിലവിൽ അഫ്ഗാന്‍ മണ്ണിൽ ശേഷിക്കുന്നതെന്ന കാര്യത്തിൽ യുഎസ് സർക്കാരിന് കൃത്യമായ കണക്കില്ലെന്ന് ബൈഡൻ വ്യക്തമാക്കി. എന്നാൽ നാട്ടിലേക്കു മടങ്ങണമെന്ന് ആഗ്രഹിക്കുന്ന എത്ര യുഎസ് പൗരൻമാർ അവിടെയുണ്ടെങ്കിലും, അവരെയെല്ലാം തിരികെ എത്തിച്ചിരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. താലിബാനെതിരായ പോരാട്ടത്തിൽ യുഎസ് സൈന്യവുമായി സഹകരിച്ചിരുന്ന അഫ്ഗാൻ പൗരൻമാരെയും അവിടെനിന്ന് രക്ഷപ്പെടുത്താനുള്ള അമേരിക്കയുടെ ബാധ്യത ബൈഡൻ എടുത്തുപറഞ്ഞു.

