KSDLIVENEWS

Real news for everyone

വിചിത്രമായ ശബ്ദം, ശ്രദ്ധ നഷ്ടമാവല്‍.. ഹവാന സിന്‍ഡ്രോം രഹസ്യാക്രമണമോ? കമല ഹാരിസിന്റെ യാത്രവൈകി

SHARE THIS ON

അജ്ഞാത രോഗത്തിന്റെ ഭീഷണിയെ തുടർന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്നാം യാത്ര വൈകി. എംബസി ഉദ്യോഗസ്ഥർക്ക് ഹവാന സിൻഡ്രം ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് യാത്ര വൈകിയതെന്നാണ് റിപ്പോർട്ടുകൾ. എന്താണ് ആ ഹവാന സിൻഡ്രോം? 2016 മുതലാണ് ഹവാന സിൻഡ്രോമിനെ കുറിച്ച് കേട്ടുതുടങ്ങിയത്. ക്യൂബൻ തലസ്ഥാനം ഹവാനയിൽ പ്രവർത്തിച്ചിരുന്ന യുഎസ് നയതന്ത്ര പ്രതിനിധികൾക്കും എംബസിയിലെ ഏതാനും ജീവനക്കാർക്കുമാണ് ആദ്യമായി ഈ അജ്ഞാത രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടത്. അങ്ങനെയാണ് ഈ രോഗത്തിന് ഹവാന സിൻഡ്രോം എന്ന പേര് വന്നത്. വിചിത്രമായ ചില ശബ്ദങ്ങൾ കേൾക്കുക, അപരിചിതമായ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുക തുടങ്ങിയ പ്രശ്നങ്ങളാണ് ഇവർക്ക് ഉണ്ടായത്. ഇതിനു പുറമേ ഛർദി, ശക്തമായ തലവേദന, ക്ഷീണം, തലകറക്കം, ഉറക്കപ്രശ്നങ്ങൾ, കേൾവിക്കുറവ്, ഓർമപ്രശ്നങ്ങൾ എന്നിവയും അനുഭവപ്പെട്ടു. ലക്ഷണങ്ങൾ തീവ്രമാകുന്നതോടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ മിക്ക ഉദ്യോഗസ്ഥരും സ്വമേധയാ വിരമിക്കുകയാണ് പതിവ്. ക്യൂബയിലെ അമേരിക്കൻ നയതന്ത്രജ്ഞർക്കാണ് ആദ്യം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതെങ്കിലും പിന്നീട് ലോകത്തിന്റെ പലഭാഗത്തുള്ള അമേരിക്കൻ ഉദ്യോഗസ്ഥർക്കും സമാനമായ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ചെറിയ സമയത്തിനുള്ളിൽ ഇരുന്നൂറോളം യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരാണ് ഹവാന സിൻഡ്രത്തിന് ഇരയായതെന്ന് സിഐഎ ഡയറക്ടർ വില്ല്യം ബേൺസ് പറഞ്ഞു. സമർഥരായ ഉദ്യോഗസ്ഥരിൽ പലരും അജ്ഞാതരോഗത്തിനിരയാവുന്നത് രാജ്യത്തിന്റെ നയതന്ത്രപദ്ധതികളെ തെല്ലൊന്നുമല്ല ബാധിച്ചത്. രോഗം ബാധിച്ച ചിലർക്ക് പെട്ടന്നുതന്നെ രോഗം ഭേദമായി. എന്നാൽ മറ്റുചിലർക്ക് പ്രശ്നങ്ങൾ കാലങ്ങളോളം നീണ്ടുനിന്നു. ജോലിയേയും നിത്യജീവിതത്തെ പോലും ബാധിക്കുന്ന തരത്തിൽ രോഗത്തിന്റെ പാർശ്വഫലങ്ങൾ ദീർഘകാലം നീണ്ടു. രോഗത്തിന്റെ യഥാർഥ കാരണം എന്താണെന്നതിന് ഇപ്പോഴും വ്യക്തമായ കാരണങ്ങൾ കണ്ടെത്തിയിട്ടില്ല. വിദേശദൗത്യവുമായി ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള യുഎസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള രഹസ്യാക്രമണമായാണ് കണക്കാക്കുന്നത്. യുഎസ് തന്നെ ഇത്തരം ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. റഷ്യക്കെതിരെയുള്ള രഹസ്യനീക്കങ്ങൾക്കായി വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന നയതന്ത്രഉദ്യോഗസ്ഥരിൽ പലർക്കും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ റഷ്യൻ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് സംശയം ശക്തമായി. അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധത്തിലെ പാളിച്ചകളും അന്വേഷണത്തിനിടയ്ക്ക് ഉയർന്നതോടെ ക്യൂബയും ചൈനയും അമേരിക്കയുടെ സംശയവലയത്തിനുള്ളിലായി. വ്യക്തമായി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് യുഎസ് ഉദ്യോഗസ്ഥർക്ക് നേർക്കുള്ള ഈ ‘രഹസ്യാക്രമണ’മെന്നാണ് ഈ പ്രതിഭാസത്തെക്കുറിച്ച് അമേരിക്ക തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. 2017ൽ യുഎസ് പ്രസിഡന്റ് ആയിരുന്ന ട്രംപ് ആരോപിച്ചത് യുഎസ് ഉദ്യോസ്ഥർക്കെതിരേ ക്യൂബയും റഷ്യയും ചേർന്ന് അജ്ഞാത ആക്രമണം നടത്തിയെന്നാണ്. യഥാർഥത്തിൽ ഹവാന സിൻഡ്രം എന്താണെന്ന പഠനങ്ങൾ വർഷങ്ങളോളം നീണ്ടെങ്കിലും രോഗത്തിന്റെ യഥാർഥ കാരണമോ ചികിത്സയോ സംബന്ധിച്ച് കൃത്യമായ വിശദീകരണങ്ങൾ നൽകാൻ ആർക്കും സാധിച്ചില്ല. ജോലിയിലേയോ വ്യക്തിജീവിതത്തിലേയോ സമ്മർദം മൂലമുണ്ടാവുന്ന മാനസിക പ്രശ്നങ്ങളാവാം രോഗത്തിന്റെ കാരണം എന്നാണ് ചില മനഃശാസ്ത്രജ്ഞർ വിശദീകരിച്ചത്. എന്നാൽ 2020ൽ പുറത്തുവന്ന നാഷണൽ അക്കാദമീസ് ഓഫ് സയൻസസ് പഠനങ്ങൾ പറയുന്നത് സൂക്ഷ്മതരംഗങ്ങളുടെ പ്രയോഗമാണ് ഹവാന സിൻഡ്രോമിന്റെ വിശ്വസനീയമായ കാരണം എന്നാണ്. അതായത് വൈദ്യുതകാന്ത തരംഗങ്ങൾ പ്രത്യേക ആവൃത്തിയിൽ പ്രയോഗിക്കുന്നതാണ് ഹവാന സിൻഡ്രോമിന് കാരണമാവാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് എന്നാണ് ചുരുക്കം. അമേരിക്കയിലെ വിവിധ വകുപ്പുകളിൽ ഉൾപ്പെടുന്ന 19 വിദഗ്ധരടങ്ങിയ ഗവേഷണസംഘമാണ് ഹവാന സിൻഡ്രോമിനെ കുറിച്ച് ഇത്തരം ഒരു കണ്ടെത്തൽ നടത്തിയത്. നയതന്ത്ര ഉദ്യോഗസ്ഥർക്കുണ്ടായ മാനസിക-ശാരീരിക പ്രതിഭാസത്തിന് മറ്റു ചില കാരണങ്ങളും ഉണ്ടായേക്കാമെങ്കിലും പ്രാഥമികകാരണം സൂക്ഷ്മതരംഗങ്ങളാണെന്നാണ് ഗവേഷകർ പറയുന്നത്. ബോധപൂർവം ഉണ്ടാക്കിയെടുക്കാവുന്ന മാനസിക-ശാരീരിക അവസ്ഥയാണ് ഹവാന സിൻഡ്രോം. വേദന, മുഴക്കമുള്ള ശബ്ദം തുടങ്ങിയവ ആളുകൾക്ക് അനുഭവപ്പെട്ടത് ചില പ്രത്യേക സ്ഥലത്ത് വെച്ചോ മുറിയിൽ വെച്ചോ ആണ്. മൊബൈൽ ഫോൺ പോലുള്ള പൊതുവായ എനർജി സ്രോതസ്സുകളല്ല ഈ പ്രത്യേകതരം അനുഭവത്തിന്റെ പിന്നിലുണ്ടായതെന്നും നാഷണൽ അക്കാദമീസ് ഓഫ് സയൻസസ് പഠനങ്ങൾ പറയുന്നു. എന്നിരുന്നാലും ഇത്തരം പ്രശ്നങ്ങൾ അനുഭവപ്പെടാനുള്ള മറ്റ് സാധ്യതകളും പഠനം തള്ളിക്കളയുന്നില്ല. ദി ജേണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ പ്രസിദ്ധീകരിച്ച പഠനവും പറയുന്നത് ലേസർ, മൈക്രോവേവ്, ബീംസ് പോലുള്ള ഊർജതരംഗങ്ങളുടെ സ്വാധീനം മൂലമുണ്ടായ പ്രശ്നങ്ങളാവാം യുഎസ് ഉദ്യോഗസ്ഥർക്ക് അനുഭവപ്പെട്ടത് എന്നാണ്. ശക്തിയേറിയ ഊർജ തരംഗങ്ങളുടെ ഉപയോഗത്തെ ഡയറക്ടട് എനർജി വെപ്പൺസ് എന്നാണ് പൊതുവേ പറയുന്നത്. ഉദ്യോഗസ്ഥർക്ക് അനുഭവപ്പെട്ട ശാരീരിക പ്രതിഭാസം അഥവാ ഹവാന സിൻഡ്രോമിനെ ഡയറക്ടട് എനർജി സ്വാധീനം എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് അമേരിക്കൻ ഗവേഷകസംഘങ്ങളുടെ പഠനങ്ങൾ ഇപ്പോഴും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!