സുപ്രീം കോടതിക്ക് വെളിയിലെ ആത്മഹത്യ: സ്വമേധയാ കേസെടുക്കണമെന്ന ആവശ്യവുമായി അഭിഭാഷകന്

ന്യൂഡൽഹി: സുപ്രീം കോടതി പരിസരത്ത് 24 വയസ്സുകാരിയായ യുവതിയും ആൺ സുഹൃത്തും സ്വയം തീ കൊളുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതി അഭിഭാഷകൻ. അലഖ് അലോക് ശ്രീവാസ്തവയാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് ഇതു സംബന്ധിച്ച് കത്തെഴുതിയത്. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ. അന്വേഷണം നടത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ബി.എസ്.പി. എം.പി അതുൽ റായ്ക്കെതിരെ പീഡന ആരോപണം ഉന്നയിച്ചിരുന്ന യുവതി ഇക്കഴിഞ്ഞ 16നാണ് സുപ്രീംകോടതിക്ക് മുന്നിൽ വെച്ച് തന്റെ സുഹൃത്തിനൊപ്പം സ്വയം തീകൊളുത്തിയത്. സുഹൃത്ത് ശനിയാഴ്ച മരിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി ഇന്നലെയാണ് മരിച്ചത്.

