നാസർ തൂതയുടെ ഡ്രസ്സ് ബാങ്കിന് പിന്തുണയുമായി പെരിന്തൽമണ്ണ എം എൽ എ നജീബ് കാന്തപുരം

തൂത: സാന്ത്വന സേവന രംഗത്ത് പുതുവഴികൾ വെട്ടിതുറന്നു മുന്നേറുന്ന നാസർ തൂതയുടെ ഡ്രസ്സ് ബാങ്കിന് പിന്തുണയുമായി പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം.
പാവപ്പെട്ടവരുടെ വിവാഹ വേളകളിൽ പകിട്ടോടെ പന്തിലിലേക്കിറങ്ങാൻ പണമൊരു തടസ്സമാവാതിരിക്കാൻ മണവാട്ടിപ്പെണ്ണിന് ഡ്രസ്സ് ബാങ്കൊരുക്കി കാത്തിരിക്കുന്ന നാസർ തൂതയുടെ തൂതയിലെ ഡ്രസ്സ് ബാങ്ക് സന്ദർശിച്ച എംഎൽഎ സന്നദ്ധ സേവന മേഘലയിൽ തന്റെ എല്ലാവിധ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു.
വ്യത്യസ്‌ഥമായ സൈസിലും മോഡലിലുമായി ആയിരത്തോളം വിവാഹ വസ്ത്രങ്ങളാണിവിടെ മണവാട്ടിമാരെ കാത്തിരിക്കുന്നത്. ഇരുനൂറോളം യുവതികൾ ദാമ്പത്യ ജീവിതത്തിലേക്ക് മാരന്റെ കയ്യും പിടിച്ച് നാസർ തൂതയുടെ ഡ്രസ്സുമായി സന്തോഷം പൂർവം കടന്നു പോയി.
വിവാഹ നാളിലെ ഒരൊറ്റ ഉപയോഗം കഴിഞ്ഞ് നാം ഉപേക്ഷിക്കുന്ന ആയിരങ്ങൾ വിലമതിക്കുന്ന വസ്ത്രങ്ങൾ ശേഖരിച്ച് ഡ്രൈക്ലീനിംഗ് ചെയ്ത് ഇവിടെ സൂക്ഷിച്ചു വെക്കുകയാണ്.
കേട്ടറിഞ്ഞതിനേക്കാൾ കണ്ടറിയുന്നതിനും നേരിട്ട് അഭിനന്ദനങ്ങളും പിന്തുണയും അറിയിക്കുന്നതിനും വേണ്ടി പല പ്രമുഖ വ്യക്തികളും ഡ്രസ്സ് ബാങ്കിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് പ്രശസ്ത ചാരിറ്റി പ്രവർത്തകനും പാവങ്ങളുടെ അത്താണിയുമായ നാസർ മാനുക്കയും ഡ്രസ്സ് ബാങ്ക് സന്ദർശിച്ചു എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരിന്നു
ആയിരം സ്വപ്നങ്ങളുമായി കതിർമണ്ഡപത്തിലേക്ക് കാലെടുത്തു വെക്കാൻ കാത്തിരിക്കുന്ന മണവാട്ടിമാരുടെയും തന്റെ മകളുടെ ഭാസുരമായ ഭവിക്കുവേണ്ടി വരന്റെ കൈപിടിച്ച് കൊടുക്കാൻ പരാധീനതകളാൽ കഷ്ടപ്പെടുന്ന രക്ഷിതാക്കളുടെയും മുന്നിൽ ദൈവദൂതനെ പോലെ മന്ദഹാസം തൂകി നിൽക്കുകയാണ് നാസർ തൂതയും ഡ്രസ്സ് ബാങ്കും.

