കാസര്‍കോട് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; ബാലാവകാശ കമ്മീഷന് കേസെടുത്തു

കാസര്‍കോട് ദേളിയിലെ സ്വകാര്യ സ്കൂളില്‍ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് കേസെടുത്തു.
സംഭവത്തില്‍ പ്രതിയായ അധ്യാപകനെതിരെ പൊലീസ് പോക്സോ വകുപ്പ് ചുമത്തി.
വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തെ കുറിച്ച് മീഡിയവണ്‍ വാര്‍ത്ത നല്‍കിയിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന് സ്വമേധയാ കേസെടുക്കുകയായിരുന്നു. കാസര്‍കോട് ജില്ലാ പൊലീസ് മേധാവി, ബേക്കല്‍ ഡി.വൈ.എസ്.പി, മേല്‍പറമ്ബ പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍, ജില്ലാ ബാലസംരക്ഷണ ഓഫീസര്‍ എന്നിവരോട് അടുത്ത മാസം 4 നകം റിപ്പോര്‍ട്ട് നല്കാന് കമ്മീഷന് നിര്‍ദ്ദേശം നല്കി. ഓണ്‍ലൈന്‍ പഠനത്തിന്റെ മറവില്‍ അധ്യാപകന് കുട്ടിയെ തെറ്റായ രീതിയിലേക്ക് നയിച്ചിരുന്നതായി രക്ഷിതാക്കള്‍ പറയുന്നു. ഈ വിഷയത്തില്‍ രക്ഷിതാവ് സ്കൂള്‍ പ്രിന്‍സിപ്പാലിന് പരാതി നല്‍കിയിരുന്നു. അന്ന് രാത്രി അധ്യാപകന് വിദ്യാര്‍ഥിനിയെ വിളിച്ച് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ശബ്ദ സന്ദേശം പുറത്ത് വന്നിട്ടുണ്ട്.
ഈ ശബ്ദ സന്ദേശത്തിന് ശേഷമാണ് വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. സംഭവത്തില്‍ പ്രതിയായ അധ്യാപകന് ഉസ്മാനെതിരെ പോക്സോ ചുമത്തി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. പ്രതി കര്‍ണാടകയിലേക്ക് കടന്നതായി സൂചനയുണ്ട്.

