ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷനുകളിൽ കുട്ടികൾക്കായി പ്രത്യേക ഇടം

കാസർകോട് : ജില്ലയിലെ കുമ്പള , വിദ്യാനഗർ , അമ്പലത്തറ , ബേഡകം , ബേക്കൽ എന്നീ പൊലീസ്റ്റേഷനുകളിൽ ശിശുസൗഹൃദ ഇടങ്ങൾ തുറന്നു . വിവിധ ആവശ്യങ്ങൾക്കായി മാതാപിതാക്കൾക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തുന്ന കുട്ടികൾക്ക് ഭയരഹിതരായി സമയം ചെലവഴിക്കാനും ടി.വി കാണാനും പുസ്തകങ്ങൾ വായിക്കാനും ചിത്രം വരയ്ക്കാനുമൊക്കെയുള്ള സൗകര്യങ്ങൾ ശിശുസൗഹൃദ ഇടങ്ങളിൽ ഒരുക്കിയിട്ടുണ്ട് . നഴ്സറി സ്കൂളുകളിലും പാർക്കുകളിലുമുള്ളതിന് സമാനമായ അന്തരീക്ഷവുമായാണ് ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകൾ കുട്ടികളെ വരവേൽക്കുക . മായാവിയും ചോട്ടാ ഭീമും ഡോറയും മിക്കി മൗസും ഉൾപ്പെടെ പ്രിയ കാർട്ടൂൺ കൂട്ടുകാരുടെ ചിത്രങ്ങളും കളിക്കോപ്പുകളുമാണ് പുതിയ ശിശു സൗഹൃദ സ്റ്റേഷനുകളിൽ സജ്ജീകരിച്ചിരിക്കുന്നത് . അമ്പലത്തറ പൊലീസ് സ്റ്റേഷനിലെ ശിശുസൗഹൃദ ഇടം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു . പുല്ലൂർപെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദൻ ആധ്യക്ഷം വഹിച്ചു . കാലിച്ചാനടുക്കം ഗവ . ഹയർസെക്കൻഡറി സ്കൂൾ എസ്.പി.സി അംഗങ്ങൾ പങ്കെടുത്തു . ബേഡകം ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ ബേഡകം പഞ്ചായത്ത് പ്രസിഡന്റ് എം . ധന്യ ഉദ്ഘാടനം ചെയ്തു . ബേഡകം ഇൻസ്പെക്ടർ ടി ദാമോദരൻ ആധ്യക്ഷം വഹിച്ചു . ജില്ലാ പഞ്ചായത്ത് അംഗം എസ്.എൻ. സരിത , ബേഡകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാധവൻ , കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാവിത്രി , ബേഡകം പഞ്ചായത്ത് അംഗം പി ശ്രുതി , ജനമൈത്രി ബീറ്റ് ഓഫീസർ രാമചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു . സബ് ഇൻസ്പെക്ടർ സുമേഷ് രാജ് സ്വാഗതവും , സ്റ്റേഷൻ റൈറ്റർ കെ ജി രമേശൻ നന്ദിയും പറഞ്ഞു . ബേഡകം സ്റ്റേഷനിലെത്തുന്നവർക്കായി കളിപ്പാട്ടങ്ങളും സ്ത്രീകൾക്കായി മുലയൂട്ടാനുളള പ്രത്യേക സൗകര്യവും , ശൗചാലവും ഒരുക്കിയിട്ടുണ്ട് . കുമ്പള ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ എ കെ എം അഷ്റഫ് എം എൽ എ ഉദ്ഘാടനം ചെയ്തു . കുമ്പള പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ് , പഞ്ചായത്ത് മെമ്പർ പ്രേമാവതി എന്നിവർ സംസാരിച്ചു . ഐ.പി.എസ്.എച്ച്.ഒ . പി പ്രമോദ് സ്വാഗതവും സബ് ഇൻസ്പെക്ടർ പി കെ അനീഷ് നന്ദിയും പറഞ്ഞു . ബേക്കൽ ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ ബേക്കൽ സബ്ഡിവിഷൻ ഡിവൈ എസ് പി സി . കെ . സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് മെമ്പർ ഹാരിഫ് അങ്കകളരി , പൊലീസ് ഇൻസ്പെക്ടർ യു പി വിപിൻ , സബ് ഇൻസ്പെക്ടർ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ ശിശുസൗഹൃദ കേന്ദ്രത്തിന്റെയും സന്ദർശക മുറിയുടെയും ഉദ്ഘാടന ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷം വഹിച്ചു . ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ ശിശുസൗഹൃദ കേന്ദ്രം തുറന്നു കൊടുത്തു . ഇൻസ്പെക്ടർ വി.വി. മനോജ് സന്ദർശക മുറി തുറന്നു കൊടുത്തു . വാർഡംഗം ഖദീജ , പൊലീസുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു .

