കേന്ദ്രത്തിനെതിരെ പരിഹാസവുമായി രാഹുൽ ;
ഇന്ത്യയുടെ ഭൂമി ചൈന തട്ടിയെടുത്തതും ദൈവത്തിന്റെ കളിയോ ?

ന്യൂഡല്‍ഹി: ചൈന ഇന്ത്യയുടെ ഭൂമി തട്ടിയെടുത്തെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്. തട്ടിയെടുത്ത ഭൂമി കേന്ദ്രസര്‍ക്കാര്‍ എപ്പോള്‍ തിരിച്ചുപിടിക്കുമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. അതോ ഇതും ദൈവത്തിന്റെ കളിയെന്ന് വിശേഷിപ്പിക്കുമോയെന്നും രാഹുല്‍ പരിഹസിക്കുന്നു. അതേസമയം അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായി. സേന പിന്മാറ്റം വേഗത്തില്‍ വേണമെന്ന് വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയിലാണ് തീരുമാനമായത്. സ്ഥിതി സങ്കീര്‍ണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കുകയും ഒപ്പം സേനകള്‍ തമ്മില്‍ ചര്‍ച്ച തുടരാനുമാണ് നിലവിലെ ധാരണ. രണ്ടു സേനകള്‍ക്കുമിടയില്‍ ഉചിതമായ അകലം നിലനിര്‍ത്തണമെന്നും സംഘര്‍ഷത്തിന് അയവ് വരുത്തണമെന്നും ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന നടത്തി. രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. മൂന്നു മാസത്തില്‍ ഇതാദ്യമായാണ് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന നടത്തുന്നത്.

