‘കോണ്‍ഗ്രസിനെ കോസ്മിക് ശക്തികള്‍ തന്നെ രക്ഷിക്കട്ടെ’ സുധാകരന്, മോന്സന് ബന്ധത്തില്‍ പ്രതികരണവുമായി എംഎ ബേബി

തിരുവനന്തപുരം:പുരാവസ്തുക്കളുടെ പേരില്‍ സാമ്ബത്തിക തട്ടിപ്പു നടത്തിയ മോന്സന് മാവുങ്കലും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതികരണവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് എംഎ ബേബി.എണ്ണമറ്റ തവണ ആ വീട്ടില്‍ പോയി, താമസിച്ച് ”കോസ്മിക്” ചികിത്സയ്ക്ക് വിധേയനായിട്ടും ഈ പ്രമുഖന് ഒരിക്കലും ഒരു സംശയവും ഈ തട്ടിപ്പിനെക്കുറിച്ച് തോന്നിയില്ല എന്നത് യുക്തിഭദ്രമല്ലെന്ന് എംഎ ബേബി പറഞ്ഞു.കെ സുധാകരന് കെപിസിസി അധ്യക്ഷന്‍ ആയപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് ഞാന്‍ ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു.
അത് അവര്‍ അവഗണിച്ചു. പക്ഷേ, ഇന്നെനിക്കു തോന്നുന്നത് കേരളത്തിലെ കോണ്‍ഗ്രസിനെ ”കോസ്മറ്റോളജി” ചികിത്സ നേടിയ കെ സുധാകരന് നയിക്കുന്നത് തികച്ചും അര്‍ത്ഥപൂര്‍ണമാണ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കെ സുധാകരന് കെപിസിസി അധ്യക്ഷന്‍ ആയപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് ഞാന്‍ ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു. അതവര് അവഗണിച്ചു. പക്ഷേ, ഇന്നെനിക്കു തോന്നുന്നത് കേരളത്തിലെ കോണ്‍ഗ്രസിനെ ”കോസ്മറ്റോളജി” ചികിത്സ നേടിയ കെ സുധാകരന് നയിക്കുന്നത് തികച്ചും അര്‍ത്ഥപൂര്‍ണമാണ് എന്നാണ്. ഒരു വ്യാജഡോക്ടറുടെ വ്യാജശാസ്ത്രത്തിന്റെ സൌന്ദര്യവര്‍ധക ചികിത്സ തന്നെയാണ് ഇന്ന് കോണ്‍ഗ്രസിന് ആവശ്യം. മരണാസന്നമായ ഒരു സംഘടനയ്ക്കു മേല്‍ സൌന്ദര്യലേപന തൈലങ്ങളല്ലാതെ വേറെന്താണ് പുരട്ടുക?
ശാസ്ത്രാവബോധത്തെക്കുറിച്ച് (Scientific Temper) എന്നും ഊന്നിപ്പറഞ്ഞിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ചരിത്രമുള്ള പാര്‍ടിയാണിത്. കേരളത്തിലെ കോണ്‍ഗ്രസിനെ ബാധിച്ചുവെന്ന് ഹൈക്കമാന്‍ഡ് മുതല്‍ വിഎം സുധീരന് വരെ സമ്മതിക്കുന്ന അസുഖങ്ങളുടെ പരിഹാരക്രിയയ്ക്ക് പറ്റിയ ഭിഷഗ്വരനാണ് ”ഡോ.” സുധാകരന് എന്ന പിസിസി അധ്യക്ഷന്‍ എന്നു ഞാന്‍ തിരുത്തുന്നു.
ഇന്നത്തെ കോണ്‍ഗ്രസ് നെഹ്രുവിനെ പാടെ മറന്ന് ”ഡോ.” സുധാകരന്റെ വഴിക്കാണ്.
പട്ടാപ്പകല്‍ തട്ടിപ്പിന് ഡോക്ടറേറ്റുണ്ടെങ്കില്‍ അതിന് സര്‍വധാ യോഗ്യനായ ഒരാളുമായുള്ള ബന്ധത്തിന് പിസിസി അധ്യക്ഷന്റെ ന്യായീകരണമാണ് വിചിത്രം. ഇപ്പോഴും കെ സുധാകരന് അയാളെ ഡോക്ടര്‍ എന്നാണ് വിളിക്കുന്നതും. അയാളുടെ വീട്ടില്‍ എത്രതവണ പോയി എന്നതിന് കണക്കില്ല. പത്തുദിവസം ”കോസ്മിക്” ചികിത്സയ്ക്ക് വിധേയനായിട്ടുണ്ട്! ”കോസ്മറ്റോളജിസ്റ്റി”ന്റെ”കോസ്മിക്” ചികിത്സയ്ക്ക് പോകുന്ന വിധം പ്രതിഭാശാലിയായ ഈ മഹാന് കേരളത്തിലെ കോണ്‍ഗ്രസിനെ എവിടെ എത്തിക്കും എന്ന് കോണ്‍ഗ്രസുകാര്‍ ഇനിയെങ്കിലും ആലോചിക്കുക. ഇത്തരം കോസ്മിക് ചികിത്സയിലൂടെയാവും കേരളത്തിലെ കോണ്‍ഗ്രസിന്റെ ആരോഗ്യവും ഇദ്ദേഹം നന്നാക്കാന്‍ പോകുന്നത്. ഒരു കാര്യം വ്യക്തമാക്കേണ്ടതാവാശ്യമാണ്. ഈ തട്ടിപ്പുകാരനുമായി ഇദ്ദേഹം ചില ഫോട്ടോകളില്‍ കാണപ്പെടുന്നതല്ല പ്രശ്നം. ആരുമായും ചില ഫോട്ടോകള്‍ തരപ്പെടുത്താന്‍ തട്ടിപ്പുകാര്‍ക്ക് പ്രത്യേകകൌശലം ഉണ്ടാവും. ഇവിടെ സംഭവിച്ചത് അതല്ല. എണ്ണമറ്റ തവണ ആ വീട്ടില്‍ പോയി, താമസിച്ച് ”കോസ്മിക്” ചികിത്സയ്ക്ക് വിധേയനായിട്ടും ഈ പ്രമുഖന് ഒരിക്കലും ഒരു സംശയവും ഈ തട്ടിപ്പിനെക്കുറിച്ച് തോന്നിയില്ല എന്നത് യുക്തിഭദ്രമല്ല.
മുഹമ്മദ് അബ്ദുറഹ്മാന് സാഹിബും സികെ ഗോവിന്ദന് നായരും ഒക്കെ ഇരുന്ന സ്ഥാനത്ത്, മാറിയ കാലത്ത് ആ നിലവാരം പ്രതീക്ഷിക്കുന്നത് യുക്തിസഹമല്ല. പക്ഷേ, മാറ്റം ഇത്തരത്തിലാകാമോ? ഇത്രമാത്രം ആകാമോ? അതിലും രസകരം, ഇതുമായി ബന്ധപ്പെട്ടും ചില ശക്തികള്‍ക്കെതിരെ അദ്ദേഹം ഗര്ജിക്കുന്നതാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കെപിസിസി പ്രസിഡന്റ് നേരിട്ടു കുറ്റപ്പെടുത്തുന്നു. ശരിയാണ്, മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ആവശ്യമായ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്താതെ വന്നതിനാലാണല്ലോ അദ്ദേഹത്തിന് ”കോസ്മിക്” ചികിത്സ വേണ്ടി വന്നത്! കോണ്‍ഗ്രസിനെ കോസ്മിക് ശക്തികള്‍ തന്നെ രക്ഷിക്കട്ടെ!


