KSDLIVENEWS

Real news for everyone

കര്‍ഷക സമരം: ഹൈവേകള്‍ എങ്ങനെയാണ് എക്കാലവും അടച്ചിടുക, ഇതെവിടെ അവസാനിക്കും?- സുപ്രീം കോടതി

SHARE THIS ON

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെയും സമീപസംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ഹൈവേകളിൽ കർഷക സമരത്തെ തുടർന്ന് തുടർച്ചയായി ഗതാഗതം സ്തംഭിക്കുന്നതിൽ പ്രതികരണവുമായി സുപ്രീം കോടതി. റോഡുകൾ എക്കാലവും അടച്ചിടാനാകില്ലെന്ന് കോടതി പറഞ്ഞു. കർഷകസമരം യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നോയിഡയിലെ താമസക്കാരിൽ ഒരാൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

കോടതിവഴിയോ പ്രതിഷേധത്തിലൂടെയോ പാർലമെന്റിലെ ചർച്ചകളിലൂടെയോ പരിഹാരം കണ്ടെത്താം. എന്നാൽ എങ്ങനെയാണ് ഹൈവേകളിൽ ഗതാഗതം തടസ്സപ്പെടുത്താനാവുകയെന്നും ഇത് അനന്തമായി തുടരുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് എവിടെ അവസാനിക്കുമെന്നും കോടതി ആരാഞ്ഞു. ജസ്റ്റിസുമാരായ എസ്.കെ. കൗൾ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ സർക്കാർ എന്താണ് ചെയ്തതെന്ന് ബെഞ്ചിലെ അംഗം ജസ്റ്റിസ് എം.എം. സുന്ദ്രേഷ് ചോദിച്ചു. നാം ഒരു നിയമം കൊണ്ടുവന്നു. ഇനി അത് നടപ്പിലാക്കണ്ടത് എങ്ങനെ എന്നുള്ളത് നിങ്ങളുടെ കാര്യമാണ്. അത് നടപ്പാക്കാൻ കോടതിക്ക് ഒരുവഴിയുമില്ല. എക്സിക്യൂട്ടീവിന്റെ ചുമതലയാണ് അത് നടപ്പാക്കുക എന്നുള്ളത്- ജസ്റ്റിസ് കൗൾ കൂട്ടിച്ചേർത്തു. വിഷയത്തിൽ കോടതി എന്തെങ്കിലും നിർദേശം പുറപ്പെടുവിച്ചാൽ, എക്സിക്യൂട്ടീവിന്റെ അധികാരപരിധിയിൽ ജുഡീഷ്യറി കടന്നുകയറിയെന്ന ആരോപണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കർഷകരുമായി ചർച്ച നടത്താൻ മൂന്നംഗ ഉന്നത തല സമിതിക്ക് രൂപം നൽകിയതായി സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയെ അറിയിച്ചു. സമിതിയുമായുള്ള ചർച്ചയ്ക്ക് കർഷകരെ ക്ഷണിച്ചുവെന്നും എന്നാൽ വരാൻ അവർ കൂട്ടാക്കിയില്ലെന്നും മെഹ്ത കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!