കോവിഡിന് ശമനം, തമിഴകം ദീപാവലിത്തിരക്കിലേക്ക്; ആഘോഷപ്പൂത്തിരിയൊരുക്കി ശിവകാശിയിലെ പടക്കവിപണി

തെന്മല: ദീപാവലിക്ക് ഒരാഴ്ചമാത്രം ബാക്കിനിൽക്കേ തമിഴകത്ത് ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. പ്രധാനമായും പടക്കവിപണിയും വസ്ത്ര വ്യാപാരകേന്ദ്രങ്ങളും സജീവമായിട്ടുണ്ട്. വിൽപനയ്ക്ക് ആവശ്യമായ സാമഗ്രികൾ ഇതിനകം വ്യാപാരികൾ എത്തിച്ചുതുടങ്ങിയിട്ടുണ്ട്.
ദീപാവലിയെന്നാൽ ശിവകാശിയെന്നാകും ഏവരുടെയും മനസിലേക്ക് വരുക. പടക്ക നിർമാണത്തിന്റെ കേന്ദ്രമെന്നറിയപ്പെടുന്ന ശിവകാശി അതിനാൽ മിനി ജപ്പാൻ എന്നാണ് അറിയപ്പെടുന്നത്.ദീപാവലിക്ക് മാസങ്ങൾക്കു മുൻപുതന്നെ ശിവകാശിയിൽ പടക്കനിർമാണശാലകൾ സജീവമാകാറാണ് പതിവ്. തയ്യാറാക്കിയ പടക്കങ്ങൾ രാജ്യത്തിന്റെ പലഭാഗങ്ങളിലേക്കും കയറ്റി അയക്കുന്ന തിരക്കിലാണ് നിർമാണകേന്ദ്രങ്ങൾ. കഴിഞ്ഞ തവണത്തേക്കാൾ 10 മുതൽ 20 ശതമാനംവരെ വില ഉയർന്നിട്ടുള്ളതായി മൊത്തം വിപണിയിലെ കച്ചവടക്കാർ പറയുന്നു.
കോവിഡ് പ്രതിസന്ധി ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞതവണ വിൽപനയിൽ വലിയ ഇടിവുണ്ടായിരുന്നില്ല. അതിനാൽ ഇത്തവണ ഉത്പാദനവും സാധാരണഗതിയിലെത്തിയിട്ടുണ്ട്. മിനി ജപ്പാനെന്നറിയപ്പെടുന്ന ശിവകാശിയിൽ ആയിരത്തോളം പടക്കനിർമാണകേന്ദ്രങ്ങളുണ്ട്.
പല വർണത്തിലും ശബ്ദത്തിലും പൊട്ടിവിടരുന്ന പൂത്തിരിയിലും പടക്കത്തിലും ഓരോതവണയും പുതിയ കണ്ടുപിടുത്തങ്ങൾ നടത്താനുള്ള മത്സരത്തിലാണ് ഇവിടുത്തെ കമ്പനികൾ. അതിനാൽ തന്നെ ഓരോവർഷവും വ്യത്യസ്തവും ആകർഷണീയമായ പൂക്കുറ്റികളും പൂത്തിരികളും പതിവാണ്. ആകാശത്ത് വർണ്ണങ്ങൾ തീർക്കുന്ന പൂത്തിരികൾ കണ്ണിനു കുളിർമയുള്ള കാഴ്ചയാണെങ്കിലും നിർമാണപ്രക്രിയ പ്രയാസവും അതിനൊപ്പം അപകടമേറിയതുമാണ്. ജോലികളിൽ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഏർപ്പെടുന്നുണ്ട്.
പൂക്കുറ്റി, പൂത്തിരി, ചെറുപടക്കങ്ങൾ എന്നിവ തയ്യാറാക്കുന്നതും തിരികൾ വയ്ക്കുന്നതും സ്ത്രീ തൊഴിലാളികളുടെ ജോലിയാണ്. വലിയ പടക്കങ്ങൾ തയ്യാറാക്കുന്നതിനൊപ്പം ആവശ്യത്തിനുള്ള കരിമരുന്ന് കൂട്ടുന്നതും ഉണക്കന്നതുമെല്ലാം പുരുഷ തൊഴിലാളികളുടെ ജോലിയും. സ്ത്രീ തൊഴിലാളികൾക്ക് ഒരുദിവസത്തെ കൂലി 300മുതൽ 400 വരെയും പുരുഷന്മാർക്ക് 500 മുതൽ 1000 രൂപവരെയുമാണ്. കരിമരുന്ന് കൂട്ടുന്ന തൊഴിലാളികൾക്ക് കൂലി കൂടുതലാണ്. തമിഴകത്തിൽ പടക്കനിർമാണത്തിനിടെ അപകടങ്ങൾ സംഭവിച്ച് ഓരോവർഷവും നിരവധി ജീവനുകൾ പൊലിയുന്നുണ്ട്.

