ബാനര്‍ പിടിച്ചുനിന്ന സ്ത്രീകള്‍ക്ക് നേരെ ജോജു അസഭ്യം പറഞ്ഞു: കൗണ്‍സിലര്‍

കൊച്ചി: ഇന്ധന വിലവർധനവിനെതിരെയുള്ള കോൺഗ്രസിന്റെ ഉപരോധ സമരത്തിൽ നടൻ ജോജു മനഃപൂർവം പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്ന് നഗരസഭ കൗൺസിലർ മിനിമോൾ. ഉപരോധസമരം നടക്കുന്നതിനിടെ നിരവധി വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കുടുങ്ങിയിരുന്നു. ഈ സമയത്ത് ബാനർ പിടിച്ചിരുന്നത് സ്ത്രീകളാണ്. ഇവർക്ക് നേരെയാണ് ജോജു ആക്രോശിച്ച് എത്തിയത്. നിങ്ങൾ എന്തിനാണ് ഇത്രയും വാഹനങ്ങൾ തടയുന്നതെന്ന് ചോദിച്ച് നടൻ അസഭ്യം പറയുകയായിരുന്നു. ഈ സമയത്ത് തങ്ങളുടെ പ്രവർത്തകർ ഇടപെടുകയായിരുന്നു.
പ്രവർത്തകൾ കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ അനിഷ്ടസംഭവമുണ്ടാവുകയും കാര്യം ഗുരുതരമായി മാറുകയും ചെയ്യുമായിരുന്നു. വനിതാ പ്രവർത്തകർക്കെതിരേ അസഭ്യം പറയുകയും ആക്രോശിക്കുകയായിരുന്നു. ആംബുലൻസുകൾ കുടുങ്ങിക്കിടക്കുന്നുവെന്ന് പറഞ്ഞ് നിങ്ങൾ എന്ത് തോന്നിവാസമാണ് കാണിക്കുന്നതെന്നാണ് ജോജു ചോദിച്ചത്. നടന്റെ സംസാരത്തിനിടെ നാവ് കുഴയുകയായിരുന്നു. മദ്യപിച്ചെന്ന് മനസ്സിലായതിനെ തുടർന്ന് മരട് പോലീസ് സ്റ്റേഷനിലെത്തി നടനെതിരെ പരാതി നൽകിയെന്നും അവർ പറഞ്ഞു.
സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയം ഉയർത്തിയാണ് പ്രതിഷേധം നടത്തിയത്. ഇന്ധനവിലയും പാചകവാതകവിലയും കുതിച്ചുയരുന്നു. ജോജുവിനെപ്പോലെയുള്ളവർക്ക് അത് ബാധിക്കുകയില്ല. അതുകൊണ്ടാണ് ഈ സമരത്തിന്റെ പ്രാധാന്യം മനസ്സിലാകാത്തതെന്നും മഹിളാ കോൺഗ്രസ് പ്രവർത്തകർ പറയുന്നു. സിനിമ സ്റ്റൈലിൽ ഒരു ഷോ കാണിക്കുകയെന്ന ഉദ്ദേശത്തോടെയാണ് നടൻ അവിടേക്ക് കയറി വന്നതെന്നും വനിതാ നേതാക്കൾ പറയുന്നു. ജോജുവിന് വെളിവുണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്. വളരെ മോശമായി പെരുമാറിയെന്നും അസഭ്യം പറഞ്ഞുവെന്നും കൗൺസിലർ മിനിമോൾ പറഞ്ഞു

