വിദ്വേഷ പ്രസംഗം: പാലാ ബിഷപ്പിനെതിരെ പൊലീസ് കേസെടുത്തു

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് എന്ന വിവാദ ആരോപണം ഉന്നയിച്ച പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലീസ് കേസെടുത്തു.
കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്.
ബിഷപ്പിനെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് പാലാ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.
ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ കോട്ടയം ജില്ല പ്രസിഡന്റ് അബ്ദുല്‍ അസീസ് മൗലവിയുടെ പരാതിയിലാണ് നടപടി. ഇദ്ദേഹം നേരേത്ത കുറവിലങ്ങാട് പൊലീസിന് പരാതി നല്‍കിയിട്ടും നടപടിയെടുത്തിരുന്നില്ല. ഇതേതുടര്‍ന്നാണ് ഇൗ ആവശ്യവുമായി കോടതിയെ സമീപിച്ചത്.
സെപ്റ്റംബര്‍ എട്ടിന് കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോന പള്ളിയില്‍ എട്ടുനോമ്ബാചരണത്തിെന്റ സമാപനത്തില്‍ കുര്‍ബാനമധ്യേയാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആരോപണം ഉന്നയിച്ചത്. ഇതില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു.
പാലാ ബിഷപ്പ് പറഞ്ഞത്:
കേരളത്തില്‍ ലവ് ജിഹാദിനൊപ്പം നര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന ഗുരുതര ആരോപണമാണ് പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചത്. നര്‍കോട്ടിക്, ലവ് ജിഹാദുകള്‍ക്ക് കത്തോലിക്ക പെണ്‍കുട്ടികളെ ഇരയാക്കുന്നുവെന്നും ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നുമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തില്‍ പറഞ്ഞത്.
ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. ഇത്തരക്കാര്‍ക്ക് നിക്ഷിപ്ത താല്പര്യം ഉണ്ട്. ഇതര മതസ്ഥരായ യുവതികള്‍ ഐ.എസ് ക്യാമ്ബില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകും. വര്‍ഗീയതയും വിദ്വേഷവും വെറുപ്പും മതസ്പര്‍ദ്ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ ലോകമെമ്ബാടും ഉണ്ട്. ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്കുന്നു.
ഈ ജിഹാദിന് സഹായം നല്കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത് എന്നിവയെല്ലാമാണ് ബിഷപ്പിന്റെ ആരോപണങ്ങള്‍. കുറവിലങ്ങാട് പള്ളിയുടെ യുട്യൂബ് ചാനലിലൂടെയാണ് ബിഷപ്പിന്റെ പ്രസംഗം പുറത്തുവിട്ടത്.
ക്ലബ് ഹൗസ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയവയിലൂടെയുള്ള സൗഹൃദങ്ങളില്‍ അപകടസാധ്യത കൂടുതലുണ്ടെന്ന് തിരിച്ചറിയണം. ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണം. സൗഹൃദപാര്ട്ടികളില് പങ്കെടുക്കുന്നതിെന്റ അപകടം പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമാകുമെന്ന് മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ മുന്നറിയിപ്പ് നല്‍കിയിരുന്നു.
തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകള്‍ ഇവിടെയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. വര്‍ഗീയതയും വിദ്വേഷവും വെറുപ്പും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ എല്ലായിടത്തുമുണ്ട്. കൊച്ചുകേരളത്തിലുമുണ്ട്. പെണ്‍കുട്ടിയെ എങ്ങനെ വശത്താക്കാമെന്ന് വിദഗ്ധ പരിശീലനം നേടിയവരാണ് ജിഹാദികള്‍. പെണ്‍കുട്ടികളെ നമുക്ക് നഷ്ടമാകുന്നുണ്ട്. അത് പ്രണയ വിവാഹങ്ങളല്ല; നശിപ്പിക്കലാണ്.
യുദ്ധതന്ത്രമാണ്. രണ്ടു മതങ്ങളിലുള്ള യുവതിയും യുവാവും പ്രണയിച്ചാല്‍ എന്താണ് തെറ്റെന്ന് ചോദിക്കുന്നത് ലളിതമാണ്. എന്നാല്‍, അവരെങ്ങനെയാണ് വിവാഹത്തിലേക്ക് എത്തിയയെന്നതും പിന്നീട് എന്തുസംഭവിച്ചുെവന്നതും വലിയ ചോദ്യമാണ്. മലയാളികളായ ഹിന്ദു, മുസ്ലിം പെണ്‍കുട്ടികള്‍ ഐ.എസ് ക്യാമ്ബുകളില്‍ എത്തിയതെങ്ങനെയാണെന്ന് വിശദമായി പഠിക്കണമെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

