KSDLIVENEWS

Real news for everyone

ജില്ല ലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എം.എസ്.എഫ് നേതാവ്

SHARE THIS ON

കൽപറ്റ: സാമ്പത്തികക്രമക്കേട് ഉൾപ്പെടെ ജില്ല മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി എം.എസ്.എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് പി.പി. ഷൈജൽ രംഗത്ത്. ജില്ലയിലെ ഉന്നത കോൺഗ്രസ് നേതാവും ലീഗിലെ ഒരുവിഭാഗവും ടി. സിദ്ദീഖിനെ നിയമസഭ തെരഞ്ഞെടുപ്പിൽ തോൽപിക്കാൻ ഗൂഢാലോചന നടത്തിയെന്നും ഇദ്ദേഹം ആരോപിച്ചു. മൂപ്പൈനാട്, മേപ്പാടി പഞ്ചായത്തുകളിൽ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ച വോട്ടുകണക്ക് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവും. ആരോപണവിധേയനായ കോൺഗ്രസ് നേതാവിൻെറ ശക്തികേന്ദ്രങ്ങളിലും സിദ്ദീഖിന് വോട്ട് കുറവായിരുന്നുവെന്നും ഷൈജൽ വ്യക്തമാക്കി. സംസ്ഥാന ഭാരവാഹിയും വയനാട് സ്വദേശിയുമായ നേതാവിൻെറ നേതൃത്വത്തിലുള്ള ജില്ല ലീഗിലെ ‘മന്നാർഗുഡി മാഫിയ’ക്കെതിരെ പാർട്ടിക്കകത്തുനിന്ന് നിലപാട് എടുക്കുന്നവരെ പുറത്താക്കുകയോ സ്ഥാനഭ്രഷ്ഠരാക്കുകയോ ചെയ്യുന്ന പ്രവണത കുറെ കാലമായുണ്ടെന്നും വയനാട്ടിൽ പാർട്ടി ഈ സംഘത്തിൻെറ കൈപ്പിടിയിലാണെന്നും മുസ്ലിം ലീഗ് ജില്ല പ്രവർത്തകസമിതി മുൻ അംഗം കൂടിയായ ഷൈജൽ പറഞ്ഞു. 2019-20 വർഷത്തെ പുത്തുമല പ്രളയ പുനരധിവാസത്തിൻെറ ഭാഗമായി ആദ്യഗഡുവായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി 60 ലക്ഷം രൂപ ജില്ല കമ്മിറ്റിക്ക് കൈമാറി. 30 ലക്ഷം രൂപ കെ.എം.സി.സി നേതൃത്വവും നൽകി. ഈ പണമടക്കം ഒരു കോടിയിലധികം രൂപ ലീഗ് ജില്ല നേതൃത്വത്തിൻെറ കൈകളിലെത്തി. പുനരധിവാസത്തിനായി സ്ഥലമെടുക്കാനുള്ള നീക്കം ആരോപണവിധേയനായ ജില്ല നേതാവിൻെറ കമീഷൻ വാങ്ങാനുള്ള ശ്രമങ്ങളുടെ ഫലമായി പരാജയപ്പെടുകയായിരുന്നു. ഈ പണമുപയോഗിച്ച് നാളിതുവരെ ഒരു വീടുപോലും നിർമിച്ചുനൽകിയിട്ടില്ല. ജില്ല പ്രസിഡൻറടക്കം ഈ മാഫിയയുടെ പിടിയിലാണെന്നും ഇവരിൽനിന്ന് പാർട്ടിയെ മോചിപ്പിക്കാൻ ഉന്നത നേതൃത്വം ഇടപെടണമെന്നും ഷൈജൽ ആവശ്യപ്പെട്ടു. മേപ്പാടി മുസ്ലിം ലീഗ് ഓഫിസുമായി ബന്ധപ്പെട്ട വിഷയത്തിലും ക്രമക്കേട് നടന്നു. നിലവിൽ ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൻെറ ഒന്നാം നിലയിൽനിന്ന് ഇതേസ്ഥലത്ത് പുതുതായി നിർമിക്കുന്ന കെട്ടടത്തിൽ ഓഫിസ് മൂന്നാം നിലയിലേക്ക് മാറുന്നതിൻെറ കാരണം ഒരു നേതാവിൻെറ വ്യക്തിതാൽപര്യമാണ്. ഹരിത വിഷയത്തിൽ പ്രതികരിച്ച തനിക്കെതിരെ അനാവശ്യമായാണ് ജില്ല നേതൃത്വം ഇടെപട്ടത്. തന്നെ ഭാരവാഹിത്വത്തിൽനിന്ന് പുറത്താക്കാനുള്ള ഗൂഢാലോചനയുടെ ഫലമായിരുന്നു അതെന്നും ഷൈജൽ പറഞ്ഞു. അതേസമയം, ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും തെളിയിക്കേണ്ട ബാധ്യത അവ ഉന്നയിച്ചവർക്കാണെന്നും മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പി.പി.എ. കരീം ‘മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞ ദിവസം കൽപറ്റയിലെ ജില്ല മുസ്ലിം ലീഗ് ഓഫിസില്‍ കൈയാങ്കളി നടന്നിരുന്നു. പി.പി. ഷൈജൽ, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി യഹ്യാഖാന്‍ തലക്കല്‍, ടി. ഹംസ എന്നീ നേതാക്കൾക്കിടയിലാണ് സംഘർഷമുണ്ടായത്. ഷൈജലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കാന്‍ നിയോജക മണ്ഡലം കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് ശിപാർശ നൽകിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!