കോൺഗ്രസ് പറഞ്ഞവരെ സിബിഐ പ്രതികളാക്കി; പിടിയിലായത് പാവങ്ങളെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി

കാഞ്ഞങ്ങാട് ∙ കോൺഗ്രസ് പറഞ്ഞവരെ സിബിഐ പ്രതികളാക്കിയെന്നും നേതാക്കൾക്കെതിരെ കേസെടുത്തത് പാർട്ടി നിയമപരമായി നേരിടുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ. പാർട്ടി സഖാക്കളും നേതാക്കന്മാരും പ്രതികളായാൽ കയ്യും കെട്ടി നോക്കി നിൽക്കാൻ കഴിയില്ല. രാഷ്ട്രീയ മുതലെടുപ്പിന് സിബിഐ കൂട്ടു നിൽക്കുകയായിരുന്നു. കൊലപാതകം പാർട്ടി അറിഞ്ഞതല്ല. പാർട്ടി അറിഞ്ഞാൽ അങ്ങനെയൊരു സംഭവം ഉണ്ടാകില്ല.
ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ചു. പാർട്ടി ഇക്കാര്യത്തിൽ സംശുദ്ധമാണ്. ബാക്കിയുള്ളത് സിപിഎം വിരുദ്ധരുടെ രാഷ്ട്രീയ മുതലെടുപ്പാണ്. സിബിഐ അറസ്റ്റ് ചെയ്ത എല്ലാവരും സിപിഎം അംഗങ്ങളല്ല. പാവങ്ങളാണ്, ഒന്നുമറിയാത്തവരാണു പലരും. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നു പാർട്ടി നേരത്തെ പറഞ്ഞതാണെന്നും ജില്ലാ സെക്രട്ടറി വിശദീകരിച്ചു. ഇവിടുത്തെ ജനങ്ങൾക്ക് എല്ലാമറിയാം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഉദുമയിൽ വലിയ ഭൂരിപക്ഷത്തിനാണു സിപിഎം ജയിച്ചത്. കൊലപാതകം നടന്ന പുല്ലൂർ-പെരിയ പഞ്ചായത്തിലടക്കം പാർട്ടിക്ക് ഭൂരിപക്ഷം കിട്ടി.
കല്യോട്ട് അടക്കമുള്ള വാർഡുകൾ പരിശോധിച്ചാലും പാർട്ടിക്ക് നേരത്തെ ലഭിച്ചതിനേക്കാൾ വോട്ട് കൂടി. ഞങ്ങളാണു കൊലയാളികളെങ്കിൽ ജനങ്ങൾ ഞങ്ങൾക്ക് എതിരാകുമായിരുന്നു. കോൺഗ്രസുകാരടക്കം ഞങ്ങൾക്ക് വോട്ട് ചെയ്തു. ഇപ്പോൾ നടക്കുന്നതു രാഷ്ട്രീയ മുതലെടുപ്പാണ്. സിപിഎമ്മിനെ താറടിച്ചു കാണിക്കാൻ വിരുദ്ധ ചേരികൾ നടത്തുന്ന ശ്രമമാണിത്. ഇതിനു ബിജെപിയും കൂട്ടു നിൽക്കുന്നു. പാർട്ടിക്ക് ഒന്നും ഒളിച്ചു വയ്ക്കാനില്ലെന്നും എം.വി.ബാലകൃഷ്ണൻ പറഞ്ഞു.

