ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോള്‍ വിലയില്‍ 25 രൂപ കുറച്ചു; വന്‍ പ്രഖ്യാപനവുമായി ജാര്‍ഖണ്ഡ്

ന്യൂഡൽഹി: പെട്രോൾ വില വെട്ടിക്കുറച്ച് ജാർഖണ്ഡ് സർക്കാർ. ഒരു ലിറ്റർ പെട്രോളിന് 25 രൂപയാണ് ജാർഖണ്ഡ് സർക്കാർ കുറച്ചിരിക്കുന്നത്. എന്നാൽ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഈ വിലക്കിഴിവ് ലഭ്യമാകുകയെന്ന്ന ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ വ്യക്തമാക്കി.
”മോട്ടാർ സൈക്കിൾ, സ്കൂട്ടർ ഉപയോഗിക്കുന്നവർക്ക് പെട്രോൾ വിലയിൽ ലിറ്ററിന് 25 രൂപ വിലക്കിഴിവ് നൽകാൻ ജാർഖണ്ഡ് സർക്കാർ തീരുമാനിച്ചിരിക്കുകയാണ്’ – ഹേമന്ദ് സോറൻ എ.എൻ.ഐയോട് പറഞ്ഞു. ജനുവരി 26 മുതലാണ് വിലക്കിഴിവ് നിലവിൽ വരിക.
ജാർഖണ്ഡിലെ ഹേമന്ദ് സോറൻ സർക്കാർ രണ്ടുവർഷം തികയ്ക്കുന്ന ദിവസമാണ് മുഖ്യമന്ത്രി അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ഹേമന്ദ് സോറന്റെ പാർട്ടിയായ ജാർഖണ്ഡ് മുക്തിമോർച്ചയും കോൺഗ്രസും ആർ.ജെ.ഡിയും ചേർന്ന സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്.

