KSDLIVENEWS

Real news for everyone

ഷാന്‍ വധം: ലുധീഷിനെ നഗ്നനാക്കി മര്‍ദിച്ച ദൃശ്യങ്ങള്‍ ഇന്‍സ്റ്റയില്‍, ലൈക്ക് ചെയ്തതും പ്രകോപനമായി

SHARE THIS ON

കോട്ടയം: കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് മണിക്കൂറുകൾനീണ്ട പൈശാചിക മർദന മുറകൾക്കൊടുവിലെന്ന് പിടിയിലായ പ്രതികൾ. സംഭവത്തിലെ അഞ്ച് പ്രതികളും പിടിയിലായി. കോട്ടയം മുള്ളൻകുഴി കോതമന വീട്ടിൽ ജോമോൻ കെ. ജോസ്, മണർകാട് സ്വദേശി ലുധീഷ്, പാമ്പാടി എട്ടാംമൈൽ സ്വദേശി ബിനു, സുധീഷ്, കിരൺ എന്നിവരെയാണ് പിടികൂടിയത്. മറ്റു മൂന്ന് പ്രതികളുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യംചെയ്തുവരുകയാണ്. കോട്ടയം ഉറുബത്ത് വീട്ടിൽ ഷാൻ ബാബു ജോസഫിനെ (19) യാണ് അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്.

പോലീസ് പറയുന്നത്: തിങ്കളാഴ്ച പുലർച്ചെ 1.58-നാണ് മകനെ പിടിച്ചുകൊണ്ടുപോയെന്ന പരാതിയുമായി അമ്മ ത്രേസ്യാമ്മയും സഹോദരി ഷാരോണും കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തുന്നത്. ഉടൻ പോലീസ് കൺട്രോൾ റൂമിൽനിന്ന് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷലിലേക്കും സന്ദേശം കൈമാറി. 3.45-ഓടെ കോട്ടയം ഈസ്റ്റ് സ്റ്റേഷനുമുന്നിൽ ശബ്ദംകേട്ട് നോക്കുമ്പോൾ ഒരാൾ സ്റ്റേഷനിലേക്കുള്ള റോഡ് ഭാഗത്ത് ഇരിക്കുന്നതായും സമീപം മറ്റൊരാൾ കിടക്കുന്നതും കണ്ടു. വിവരം തിരക്കിയപ്പോൾ കാപ്പാ ചുമത്തിയ കേഡി ജോമോനാണെന്നും ഈ കിടക്കുന്നത് സൂര്യന്റെ കൂട്ടുകാരനായ ഷാൻ ബാബു ആണെന്നും അവനെ ഞാൻ തീർത്തു എന്നും പറഞ്ഞു. ഷാനെ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.


രണ്ടാം പ്രതി ലുധീഷിനെ തൃശ്ശൂരിലേക്കു വിളിച്ചുവരുത്തി ഷാൻ ഉൾപ്പെടുന്ന സംഘത്തിന്റെ തലവൻ സൂര്യന്റെ നേതൃത്വത്തിൽ നഗ്നനാക്കി മർദിച്ചിരുന്നു. മർദനദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രദർശിപ്പിച്ചു. ഷാൻ ബാബു ഇത് ലൈക് ചെയ്തു. ഇതിന് പകരംവീട്ടാൻ ജോമോനും സംഘവും സൂര്യനെ തിരഞ്ഞ് നടക്കുന്നതിനിടെയാണ് ഷാൻ ബാബുവിനെ കണ്ടെത്തി ഓട്ടോയിൽ കയറ്റിക്കൊണ്ടുപോകുന്നത്.

പ്രതി ജോമോൻ ഷാന്റെ ഇരുകണ്ണുകളും വിരലുകൊണ്ട് കുത്തിപ്പൊട്ടിച്ചു. മാങ്ങാനം ആനത്താനത്തെ പ്രതി നേരത്തേ താമസിച്ചിരുന്ന വീടിന് സമീപമുള്ള ആളൊഴിഞ്ഞ വെളിപ്രദേശത്തെത്തിച്ചു. ഇവിടെവെച്ച് യുവാവിന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി മർദനം തുടങ്ങി. സൂര്യൻ എവിടെയെന്ന് ചോദിച്ചായിരുന്നു മർദനം.


പിന്നീട് കാപ്പിവടിയും കമ്പിവടിയും ഉപയോഗിച്ച് കൊടിയ മർദനം. നാല് മണിക്കൂർ നീണ്ട മർദനങ്ങൾക്കൊടുവിൽ മരണാസന്നനായ യുവാവിനെ എവിടെയെങ്കിലും ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഈസ്റ്റ് പോലീസ് സ്റ്റേഷന് 100 മീറ്റർ അകലെ ഓട്ടോ നിർത്തി ജോമോൻ ഷാനിനെയും തോളിലേറ്റി പുറത്തിറങ്ങി. മറ്റു പ്രതികൾ ഓട്ടോയിൽ പോയി. മൃതദേഹവും ചുമന്നാണ് ജോമോൻ സ്റ്റേഷനിലേക്കു വന്നത്.

മർദനമേറ്റതിന്റെ 38 പാടുകൾ

ഷാനിന്റെ ദേഹത്ത് മർദനമേറ്റതിന്റെ 38 പാടുകളുണ്ട്. ദേഹമാസകലം ചതവിന്റെ പാടുകളുണ്ട്. കണ്ണുകൾ ചുവന്ന് വീങ്ങിയനിലയിലായിരുന്നു. നെറ്റിയിലും മൂക്കിന്റെ മുകൾഭാഗത്തും മുറിവുണ്ട്. ഷാനിന്റെ പുറം മുഴുവൻ അടികൊണ്ട് വീങ്ങിയിരുന്നു.


തെളിവെടുത്തു

പ്രതി ജോമോനെ ചൊവ്വാഴ്ച രാവിലെ മർദിച്ച സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ഓട്ടോയിൽ ഷാനിനെ കയറ്റിക്കൊണ്ടുപോയ കീഴ്ക്കുന്ന് മിണ്ടാമഠം ജങ്ഷനിൽ എത്തിച്ചും തെളിവെടുത്തു. മർദിക്കാനുപയോഗിച്ച കാപ്പിവടി കണ്ടെടുത്തു.

മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു


സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോട്ടയം ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

ഷാൻ ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

കടയ്ക്കൽ (കൊല്ലം) : കോട്ടയത്ത് ഗുണ്ടാ നേതാവ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഷാൻ ബാബു(19)വിന്റെ മൃതദേഹം സംസ്കരിച്ചു. ഷാൻ ബാബുവിന്റെ അച്ഛൻ ബാബുവിന്റെ കുടുംബവീടായ ഇട്ടിവ വയ്യാനം കല്യാണിമുക്കിലുള്ള ഇടക്കരിക്കകത്ത് വീട്ടിലാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. വൈകീട്ട് നാലിനാണ് മൃതദേഹം വീട്ടിൽ കൊണ്ടുവന്നത്.


ബന്ധുക്കളും നാട്ടുകാരുമുൾപ്പെടെ നൂറുകണക്കിനുപേർ അന്ത്യോപചാരമർപ്പിച്ചു. ഷാൻ ബാബുവിന്റെ കുട്ടിക്കാലം വയ്യാനത്തെ കുടുംബവീട്ടിലായിരുന്നു. വയ്യാനം എൽ.പി.സ്കൂളിലാണ് രണ്ടാം ക്ലാസുവരെ പഠിച്ചത്. പിന്നീടാണ് കോട്ടയം വിമലഗിരിയിലേക്ക് താമസംമാറ്റിയത്. ഇടയ്ക്കിടെ ബന്ധുക്കളെ കാണാൻ വയ്യാനത്തെ കുടുംബവീട്ടിലെത്തുമായിരുന്നു.

തിങ്കളാഴ്ചയാണ് ഗുണ്ടാനേതാവ് ജോമോൻ കെ.ജോസ്, ഷാൻ ബാബുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനുമുന്നിൽ കൊണ്ടിട്ടത്. കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.എം.നസീർ, ഇട്ടിവ ഗ്രാമപ്പഞ്ചായത്ത് അംഗം ടി.സി.പ്രദീപ് തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!