KSDLIVENEWS

Real news for everyone

5ജിയിലേക്കുള്ള മാറ്റം; യു.എസിൽ വിമാനയാത്ര തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്

SHARE THIS ON

വാഷിങ്ടൺ:അമേരിക്കൻ മൊബൈൽ സേവന ദാതാക്കളായ വെറൈസണും എ.ടി. ആൻഡ് ടി.യും 5ജി സേവനങ്ങൾ കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതിനാൽ വിമാനസർവീസുകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. ആയിരക്കണക്കിനു വിമാനങ്ങൾ പറത്താനാകാതെ വരുമെന്നുകാട്ടി പ്രധാന വിമാനകമ്പനികളുടെ ചീഫ് എക്സിക്യുട്ടീവുമാർ ഗതാഗത സെക്രട്ടറി പീറ്റ് ബൂഡെജജിനു കത്തെഴുതി. 1100-ലേറെ വിമാനങ്ങളെ ഇതു ബാധിക്കുമെന്നും ഒരുലക്ഷം യാത്രക്കാർ ബുദ്ധിമുട്ടുമെന്നും കത്തിൽ പറയുന്നു.

അതിവേഗ 5ജി ഇന്റർനെറ്റിന് സി-ബാൻഡ് ആവൃത്തിയിലുള്ള തരംഗങ്ങളാണ് ഉപയോഗിക്കുന്നത്. വിമാനങ്ങൾ അവ പറക്കേണ്ട ഉയരമറിയുന്നതും ഇതിനു സമാനമായ ആവൃത്തിയിലുള്ള റേഡിയോ തരംഗങ്ങളുപയോഗിച്ചാണ്. ഈ തംരഗങ്ങളിലെ സമാനത വിമാനങ്ങളുടെ ഉപകരണങ്ങൾ തെറ്റിദ്ധരിക്കാൻ ഇടയുണ്ടെന്നും ഇത് ഗുരുതരമായ സുരക്ഷാപ്രശ്‌നങ്ങളുണ്ടാക്കുമെന്നുമാണ് വിമാനകമ്പനികൾ പറയുന്നത്. എന്നാൽ, സി-ബാൻഡ് തരംഗങ്ങൾ ബാധിക്കാനിടയുള്ള ഉപകരണങ്ങൾ പരിഷ്കരിക്കാൻ വിമാനകമ്പനികൾക്ക് വർഷങ്ങളുണ്ടായിരുന്നുവെന്നാണ് വെറൈസണിന്റെയും എ.ടി.ആൻഡ് ടി.യുടെയും വാദം.


വിമാനത്താവളങ്ങളുടെ സമീപം സ്ഥാപിക്കുന്ന 5ജി ട്രാൻസ്മിറ്ററുകളുടെ ശേഷി കുറയ്ക്കാമെന്ന് മൊബൈൽ കമ്പനികൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അതിനാൽ പുതിയ സാങ്കേതിവിദ്യ വ്യാപിപ്പിക്കുന്നതിൽനിന്ന് അവയെ തടയില്ല എന്നുമാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!