തൃശൂരില്‍ സദാചാര ഗുണ്ടായിസം; പെണ്‍കുട്ടിയുമായി ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം

തൃശൂർ: കോളേജ് വിദ്യാർഥിക്ക് നേരെ തൃശൂരിൽ സദാചാര ഗുണ്ടായിസം. വിദ്യാർഥിനി ബൈക്കിൽ നിന്ന് വീണതിന് ബൈക്കോടിച്ച സഹപാഠിക്കാണ് ക്രൂര മർദനമേറ്റത്. തൃശൂർ ചേതന കോളേജിലെ ബിരുദ വിദ്യാർഥി അമലിനെയാണ് മർദിച്ചത്. സഹപാഠിക്കൊപ്പം ഭക്ഷണം കഴിക്കാൻ ബൈക്കിൽ പുറത്തിറങ്ങിയപ്പോഴാണ് സംഭവം.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ആക്രമണം ഉണ്ടായത്. അമലും സഹപാഠിയും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ സഹപാഠി ബൈക്കിൽ നിന്ന് വീണു. പരിക്കേറ്റ പെൺകുട്ടിയെ സഹായിക്കാതെ പ്രദേശത്തുണ്ടായിരുന്ന ചിലർ അമലിനെ മർദിക്കുകയായിരുന്നു. അമൽ ധരിച്ച വസ്ത്രത്തിന്റെ പേരിലും പെൺകുട്ടിയുമായി ബൈക്കിൽ പോയതുമെല്ലാം പറഞ്ഞായിരുന്നു മർദനം.
ബൈക്കിൽ പെൺകുട്ടിയുമൊത്ത് സഞ്ചരിച്ചത് ചോദ്യംചെയ്തായിരുന്നു മർദനമെന്ന് അമൽ പറഞ്ഞു. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിരവധി ആളുകൾ ചേർന്ന് അമലിനെ ക്രൂരമായി മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒരാൾ കല്ല് ഉപയോഗിച്ച് തലക്കടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
മർദിച്ചവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ ഒല്ലൂർ പോലീസ് സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. അമലിനെ മർദിച്ചവരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അമൽ തങ്ങളെ മർദിച്ചു എന്നാണ് ഇവർ പരാതിയിൽ പറയുന്നത്.

