KSDLIVENEWS

Real news for everyone

ഞാനും ശിവശങ്കറും ഒന്നിച്ചൊരു വലിയ പുസ്തകമാണ് എഴുതേണ്ടത്; ചിത്രങ്ങളും ഉള്‍പ്പെടുത്താം- സ്വപ്‌ന സുരേഷ്

SHARE THIS ON

മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അനുഭവങ്ങളുടെ സമാഹാരമായ അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പുസ്തകത്തെക്കുറിച്ച് സ്വർണക്കടത്ത് കേസിൽ പ്രതിചേർക്കപ്പെട്ട സ്വപ്ന സുരേഷ് പ്രതികരിക്കുന്നു.

എം. ശിവശങ്കറുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിൽ എന്നെക്കുറിച്ചുള്ള പരാമർശങ്ങൾ വിമർശിക്കപ്പെടുന്ന തരത്തിലാണെന്ന് മാധ്യമങ്ങൾ മുഖേന അറിഞ്ഞു. പുസ്തകത്തിൽ എന്നെക്കുറിച്ചുള്ള പരാമർശങ്ങൾ നൂറു ശതമാനവും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഞാൻ അദ്ദേഹത്തിന് ധാരാളം സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. ഐ ഫോൺ മാത്രമാണ് അദ്ദേഹം എടുത്തു പറഞ്ഞിരിക്കുന്നത്. ജയിലിൽ കഴിഞ്ഞ നാളുകളിൽ എനിക്ക് രക്ഷപ്പെടാനായി വേണമെങ്കിൽ സത്യങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് ശിവശങ്കറിനെ ചതിക്കാമായിരുന്നു. ഞങ്ങൾക്ക് രണ്ടുപേർക്കും കൂടി ഒരു വലിയ ഗ്രന്ഥം തന്നെ എഴുതാമായിരുന്നു; ചിത്രങ്ങളോടുകൂടിത്തന്നെ അത് പ്രസിദ്ധീകരിക്കാമായിരുന്നു.


കഴിഞ്ഞ മൂന്നു വർഷമായി ശിവശങ്കറിന്റെ എല്ലാ പിറന്നാളുകൾക്കും ഞാൻ സമ്മാനങ്ങൾ നൽകുന്നുണ്ട്. ശിവശങ്കറിന് സമ്മാനം കൊടുത്തത് ഗണപതിയ്ക്ക് കൊടുത്ത് ചതിക്കുന്നതുപോലെയായിരുന്നു എന്നു അദ്ദേഹം പരാമർശിച്ചതായി കേട്ടു. അങ്ങനെയെങ്കിൽ എന്റെ സാമ്പത്തികശേഷിയ്ക്കും പരിമിതികൾക്കും അനുസരിച്ച് അദ്ദേഹത്തിന്റെ പിറന്നാളുകൾ ഫൈവ്സ്റ്റാർ ഹോട്ടലുകളിലും മറ്റും ഞാൻ ആഘോഷിച്ചതെന്തിന്? സത്യത്തിൽ ഞാനാണ് ചൂഷണം ചെയ്യപ്പെട്ടത്. എന്റെ ഗതി ഇനിയൊരു പെണ്ണിനും വരരുത്. പുസ്തകം എന്റെ കയ്യിൽ കിട്ടിയിട്ട് മുഴുവൻ വായിച്ചുമനസ്സിലാക്കിയതിനുശേഷം ഞാൻ എന്റെ തീരുമാനം അറിയിക്കാം. തീർച്ചയായും ഞാൻ അത് തുറന്നു പറയും. ജൂലായ് അഞ്ചുവരെ ഞാൻ എന്തെല്ലാം ജോലികളിലും ഏർപ്പാടുകളിലും ഉൾപ്പെട്ടിരുന്നുവെന്ന് ശിവശങ്കറിനറിയാം. അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇടപെടലുകൾ എന്റെ ജീവിതത്തിലുണ്ടായിരുന്നു.

സ്വപ്നയ്ക്ക് ഇത്തരത്തിലുള്ള ഡീലുകൾ ഉണ്ടെന്നറിഞ്ഞപ്പോൾ ഞാൻ അസത്രപ്രജ്ഞനായിപ്പോയി എന്നദ്ദേഹം എഴുതി എന്നറിഞ്ഞു. അങ്ങനെ എഴുതി എന്നു കേട്ടപ്പോൾ ഞാനും അസ്ത്രപ്രജ്ഞയായിപ്പോയി. എല്ലാം ശാന്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇങ്ങനെയൊരു പുസ്തകവുമായി വന്നുകൊണ്ട് അദ്ദേഹം എന്ത് ക്ലീൻ ചിറ്റ് നേടാനാണ് ശ്രമിക്കുന്നതെന്ന് അറിയില്ല. പറയുമ്പോൾ അർധസത്യങ്ങൾ പറയരുത്. എന്തുകൊണ്ടാണ് ശിവശങ്കർ മുഴുവനായും തുറന്നു പറയാതിരുന്നത്? കേരളത്തിൽ തനിക്കുണ്ടായിരുന്ന ഇമേജ് തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്; പക്ഷേ അതിൽ ആത്മാർഥതയുണ്ടായില്ല. അദ്ദേഹം പുസ്തകം എഴുതുന്നു എന്ന് ഞാനറിഞ്ഞിരുന്നു. അവിടെ പക്ഷേ സ്വപ്ന സുരേഷ് എന്ന വ്യക്തിയെ ഇത്തരത്തിൽ ട്രീറ്റ് ചെയ്യുമെന്ന് കരുതിയിരുന്നില്ല.


ശിവശങ്കർ എന്റെ റോൾ മോഡലായിരുന്നു. എന്റെ ഗാർഡിയനായിരുന്നു. എന്റെ മക്കൾക്ക് അദ്ദേഹം ദൈവതുല്യനായിരുന്നു. എന്റെ വ്യക്തിജീവിതത്തിൽ, ഗാർഹിക പ്രശ്നങ്ങളിൽ, എന്റെ സുരക്ഷിതത്വമില്ലായ്മയിൽ, എന്റെ ഭർത്താവ് നൽകാതിരുന്ന പിന്തുണയിൽ ഒന്നും എനിക്കും വിഷമം ഇല്ലാതിരുന്നത് ശിവശങ്കർ എന്ന വലിയൊരു സപ്പോർട്ട് ഇപ്പുറത്ത് ഉണ്ടായിരുന്നത് കൊണ്ടാണ്. കേസിലകപ്പെട്ട സമയത്ത് ഒന്നു രണ്ട് തവണ തമ്മിൽ കണ്ടപ്പോൾ അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ നിന്നും എനിക്കുമനസ്സിലായി ശിവശങ്കർ പാടേ മാറിയിരിക്കുന്നു എന്ന്. അപ്പോഴും അദ്ദേഹത്തിലുള്ള പ്രതീക്ഷ എനിക്കു നഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ കാലം അധികം കഴിയാതെ തന്നെ ശിവശങ്കർ സ്വയം രക്ഷപ്പെട്ടു, കുറ്റങ്ങൾ മുഴുവൻ എന്റെ തലയിലായി എന്ന തിരിച്ചറിവ് ഉണ്ടായി. എന്റെ ഭാഗത്തു നിന്നും ശിവശങ്കറിനെ ഏതെങ്കിലും തരത്തിൽ കുറ്റപ്പെടുത്തുകയോ നിരാകരിക്കുകയോ ചെയ്യുന്നതായി നിങ്ങൾ കേട്ടിട്ടുണ്ടോ? സാഹചര്യങ്ങളെ ശിവശങ്കറാണ് ചൂഷണം ചെയ്തത്. ജയിലിൽ പോലീസുകാരിയാണ് ഓഡിയോ സംഭാഷണത്തിന്റെ തിരക്കഥ മെനഞ്ഞത്. ഞാൻ അതനുസരിച്ച് സംസാരിച്ചു.

അമ്മയെന്ന നിലയിൽ, നിസ്സഹായയായ സ്ത്രീ എന്ന നിലയിൽ ഞാൻ ഇമോഷണലാണ്. എന്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഗുളികളിലാണ്. ജയിലിൽ വെച്ച് എനിക്ക് കാർഡിയാക് അറസ്റ്റ് വരെ സംഭവിച്ചു. ഡിപ്രഷൻ ഉണ്ട്. ശിവശങ്കറിന് കുറച്ച് വിശ്രമസമയം കിട്ടി, അദ്ദേഹം പുസ്തകം എഴുതി. അത്ര തന്നെ. പക്ഷേ സ്വയം രക്ഷയ്ക്കുള്ള മറയായി ആ പുസ്തകത്തെ കാണാൻ ഞാൻ സമ്മതിക്കില്ല. അങ്ങനെയെങ്കിൽ എല്ലാവർക്കും പുസ്തകം എഴുതിയാൽ മതിയല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!