KSDLIVENEWS

Real news for everyone

മുഖ്യമന്ത്രിയെത്തി; വിവാദങ്ങൾക്കിടയിലേക്ക്

SHARE THIS ON

തിരുവനന്തപുരം:മൂന്നാഴ്ച വിദേശത്ത് ചെലവിട്ടശേഷം സംസ്ഥാനത്ത് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരിടാനുള്ളത് രാഷ്ട്രീയവിവാദങ്ങളും പ്രതിസന്ധിയും. അമേരിക്കയിലേക്ക് ചികിത്സയ്ക്കു പോകുമ്പോഴുള്ള രാഷ്ട്രീയ കാലാവസ്ഥയല്ല തിരിച്ചെത്തുമ്പോഴുള്ളത്.

ലോകായുക്ത ഓർഡിനൻസ് തീർത്ത രാഷ്ട്രീയവിവാദത്തിൽ സി.പി.ഐ. പോലും ഇടഞ്ഞുനിൽക്കുന്നു. എം.ശിവശങ്കറിന്റെ ആത്മകഥാ കുറിപ്പിലൂടെ സ്വർണക്കടത്ത് കേസ് വീണ്ടും സജീവമായി. ഇതെല്ലാം ആയുധമാക്കി സർക്കാരിനെതിരേ പ്രതിപക്ഷം രംഗത്തെത്തിക്കഴിഞ്ഞു.


ലോകായുക്ത ഓർഡിനൻസിന് ഗവർണറുടെ അനുമതി വാങ്ങിയെടുക്കുക എന്നതാണ് മുഖ്യമന്ത്രിക്കു മുമ്പിലുള്ള ആദ്യ ദൗത്യം. ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്ന നിയമഭേദഗതിക്കെതിരേ പ്രതിപക്ഷവും സി.പി.ഐ.യും രംഗത്തുണ്ട്. എതിർശബ്ദം നിലനിൽക്കുന്നതിനൊപ്പം, ഓർഡിനൻസിൽ ഗവർണർ ഒപ്പിടാൻ വൈകിയാൽ അത് സർക്കാരിനെ ബുദ്ധിമുട്ടിലാക്കും. ഇത് തിരിച്ചറിഞ്ഞാണ് തിരിച്ചെത്തിയ ആദ്യദിനംതന്നെ ഗവർണറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

ഓർഡിനൻസിൽ ഗവർണർ ഒപ്പിടുന്നതോടെ ലോകായുക്ത വിഷയത്തിലുള്ള രാഷ്ട്രീയപ്രതിസന്ധി തത്‌കാലം തീരും. ഇതിന്റെ ബില്ല് നിയമസഭയിൽ കൊണ്ടുവരുമ്പോൾ മാത്രമാണ് സി.പി.ഐ.യുടെ എതിർപ്പിന് പ്രസക്തി. അതിനുമുമ്പ് ചർച്ച നടത്തി ഒത്തുതീർപ്പാക്കാമെന്നാണ് സി.പി.എം. കണക്കാക്കുന്നത്.


സ്വർണക്കടത്ത് വിവാദങ്ങൾ

എരിഞ്ഞുതീർന്നുതുടങ്ങിയ സ്വർണക്കടത്ത് വിവാദങ്ങൾക്ക് തീപിടിപ്പിക്കുകയാണ് എം. ശിവശങ്കർ ചെയ്തത്. ഒഴുക്കൻമട്ടിൽ മുഖ്യമന്ത്രിക്ക് തള്ളാവുന്ന വിവരങ്ങളല്ല പുറത്തുവന്നവ. മുഖ്യമന്ത്രി നേരത്തെ നിഷേധിച്ച കാര്യങ്ങൾ പലതും ശരിയാണെന്നാണ് സ്വപ്ന വെളിപ്പെടുത്തിയിരിക്കുന്നത്. കേസിൽ പുനരന്വേഷണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചുകഴിഞ്ഞു. പ്രതിഷേധങ്ങളുമായി ബി.ജെ.പി.യും രംഗത്തുണ്ട്.

പലവട്ടം ഉന്നയിച്ചതും കേന്ദ്ര അന്വേഷണ ഏജൻസികൾ പരിശോധിച്ചതുമാണെന്ന വിശദീകരണം സർക്കാരിനു നൽകാം. പക്ഷേ, അന്വേഷണ പരിധിയിലുള്ള കേസിനെക്കുറിച്ച് സർവീസിലിരിക്കുന്ന ഉദ്യോഗസ്ഥന് പുസ്തകമെഴുതാൻ സർക്കാർ അനുമതി നൽകിയോ എന്നതിൽ മുഖ്യമന്ത്രി വ്യക്തത വരുത്തേണ്ടിവരും.


പോലീസുകാരിയെ ഉപയോഗിച്ച് വ്യാജ ശബ്ദസന്ദേശം ഉണ്ടാക്കിയതിലും വിശദീകരണം വേണ്ടിവരും. സ്വപ്നയുടെ ആ ശബ്ദസന്ദേശമാണ് എൽ.ഡി.എഫ്. പ്രചാരണമാക്കിയതും കേന്ദ്ര ഏജൻസികളെ പ്രതിരോധിക്കാൻ ആയുധമാക്കിയതും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!