KSDLIVENEWS

Real news for everyone

എയര്‍ ഇന്ത്യ സാറ്റ്‌സിലെ വ്യാജ പീഡന പരാതി; സ്വപ്‌ന സുരേഷ് അടക്കം പത്ത് പ്രതികള്‍ക്കെതിരേ കുറ്റപത്രം

SHARE THIS ON

തിരുവനന്തപുരം: എയർ ഇന്ത്യ സാറ്റ്സിലെ ഉദ്യോഗസ്ഥനെതിരേ വ്യാജ പീഡന പരാതി ചമച്ചെന്ന കേസിൽ സ്വപ്ന സുരേഷ് അടക്കം പത്ത് പ്രതികൾക്കെതിരേ കുറ്റപത്രം സമർപ്പിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണസംഘമാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. സാറ്റ്സ് വൈസ് ചെയർമാൻ ബിനോയ് ജേക്കബാണ് കേസിലെ ഒന്നാംപ്രതി. സ്വപ്ന സുരേഷാണ് രണ്ടാംപ്രതി. സ്ഥാപനത്തിലെ ആഭ്യന്തര അന്വേഷണ സമിതിയിലെ അംഗങ്ങളെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

കേസെടുത്ത് അഞ്ചുവർഷങ്ങൾക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എയർ ഇന്ത്യ സാറ്റ്സിലെ ഉദ്യോഗസ്ഥനായിരുന്ന സിബുവിനെതിരേ പ്രതികൾ വ്യാജ പീഡന പരാതി കെട്ടിച്ചമച്ചെന്നാണ് കേസ്. സ്ഥാപനത്തിലെ മറ്റു ചില ജീവനക്കാരികളുടെ പേരിലാണ് സ്വപ്ന സുരേഷ് അടക്കമുള്ളവർ സിബുവിനെതിരേ പരാതി നൽകിയിരുന്നത്. ഈ സമയം സാറ്റ്സിലെ എച്ച്.ആർ. വിഭാഗത്തിൽ ഉദ്യോഗസ്ഥയായിരുന്നു സ്വപ്ന സുരേഷ്. പീഡന പരാതി ലഭിച്ചതിന് പിന്നാലെ സിബുവിനെതിരേ ആഭ്യന്തര അന്വേഷണ സമിതി അന്വേഷണം നടത്തുകയും കുറ്റക്കാരനെന്ന് കണ്ടെത്തി ജോലിയിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തു. ഇതിനെതിരേ സിബു മുഖ്യമന്ത്രിക്കും കോടതിയിലും പരാതി നൽകി. തുടർന്നാണ് ക്രൈംബ്രാഞ്ച് കേസിൽ അന്വേഷണം നടത്തി പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്.


പീഡനപരാതി വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും കേസിന്റെ തുടർനടപടികളിലേക്ക് ക്രൈംബ്രാഞ്ച് സംഘം കടന്നിരുന്നില്ല. പിന്നീട് സ്വപ്ന സുരേഷ് സ്വർണക്കടത്ത് കേസിൽ പിടിയിലായതോടെയാണ് എയർ ഇന്ത്യ സാറ്റ്സ് കേസിലും നടപടികളുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!